ഗസ്സ സിറ്റി: ഗസ്സയിൽ ആശുപത്രി കോംപ്ലക്സിലെ ടെൻറിൽ താമസിക്കുന്നവർക്ക് നേരെ ഇസ്രായേലിന്റെ ആക്രമണം. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് അഭയം തേടിയ ആശുപത്രി തകര്‍ക്കുകയെന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം.
മധ്യ ഗസ്സയിലെ ദേര്‍ അല്‍ ബലാഹിലാണ് സംഭവം. സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും 70ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്.
ഈ വർഷം ഇത് ഏഴാം തവണയാണ് അൽ അഖ്സ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതെന്ന് ഗസ്സ മീഡിയ ഓഫിസ് പറയുന്നു. രണ്ടാഴ്ചക്കിടെ മൂന്ന് ആക്രമണമാണ് ഇവിടെ ഉണ്ടായത്. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽനിന്ന് പലായനം ചെയ്തെത്തിയ നിരവധി പേരാണ് ഈ ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.
അതേസമയം, ആശുപത്രി കെട്ടിടം ഹമാസ് കമാൻഡിങ് കേന്ദ്രമായതിനാലാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈനിക വക്താവ് അവിചയ് അദ്രയെ പറഞ്ഞു. ഇതിനുള്ള തെളിവുകളൊന്നും ഇസ്രായേൽ പുറത്തുവിട്ടിട്ടില്ല.