Kerala

‘ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യൻ; ഇത് ആത്മഹത്യയില്ല, കൊലപാതകം’; രാഹുൽ മാങ്കൂട്ടത്തിൽ | rahul-mamkootathil

പമ്പ് അനുമതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇടപെടാൻ എന്ത് അവകാശമാണ് ഉള്ളത് ?

പത്തനംതിട്ട: യാത്രയയപ്പ് യോഗത്തിൽ പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയതിൽ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. ഒരു ഉദ്യോഗസ്ഥന്‍റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏത് ചട്ടത്തിന്‍റെ പിൻബലത്തിൽ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

മരണവും ദിവ്യയും ക്ഷണികപ്പെടാതെയും രംഗബോധം ഇല്ലാതെയും കടന്നു വരുന്നവരാണ്.
രണ്ടും ക്രൂരമാണ്, ദുരന്തമാണ്.
ഒരു ഉദ്യോഗസ്ഥന്റെ യാത്രയയപ്പിന് ക്ഷണിക്കപ്പെടാതെ എത്തി അയാൾക്കെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത് ഏതെങ്കിലും ചട്ടത്തിന്റെയോ മര്യാദയുടെയോ പിൻബലത്തിലാണോ?

ജില്ലാ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി പി പി ദിവ്യ ഇടതു അനുകൂല സംഘടന നേതാവായ എഡിഎമ്മിനെ പറ്റി ഉന്നയിച്ച ആരോപണം തന്നെ നോക്കൂ.

ഒരു പെട്രോൾ പമ്പ് ഉടമ അനുമതിക്കായി പല തവണ തന്നെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ അവർ എഡിഎമ്മിനോട് പറഞ്ഞത്രേ!! അന്ന് അത് കേൾക്കാതെ ഇരുന്ന എഡിഎം, പമ്പ്‌ ഉടമ കാണേണ്ട പോലെ കണ്ടപ്പോൾ അനുമതി കൊടുത്തു അത്രേ !!! ഇതെല്ലാം തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏതെങ്കിലും അന്വേഷണ ഏജൻസിക്കു എഴുതി കൊടുത്ത പരാതിയല്ല, അദ്ദേഹത്തിന്റെ യാത്രയയപ്പിനു വിളിക്കാതെ ചെന്നിട്ട് പറഞ്ഞതാണ് . എന്നിട്ട് രണ്ടു ദിവസം കൊണ്ട് കാണിച്ചു തരാം എന്ന ഭീഷണിയും !!! രണ്ടു ദിവസം കാത്തിരിക്കാതെ ആ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്യുന്നു..

അപ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യങ്ങൾ

1. അങ്ങനെ പമ്പ് അനുമതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഇടപെടാൻ എന്ത് അവകാശമാണ് ഉള്ളത് ?
2. പമ്പ് ഉടമക്ക് അനുമതി കൊടുക്കാൻ എഡിഎമ്മിനെ കാണേണ്ടത് പോലെ കണ്ടു എങ്കിൽ അതേ വിഷയത്തിൽ അതിനു മുൻപ് ഇടപെടാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചേതോവികാരം എന്താണ് ?
3. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനു ഒരു അഴിമതിയെ പറ്റി ബോധ്യമായാൽ സ്വീകരിക്കണ്ട മാർഗം ഇതാണോ ?

ഇത് ആത്മഹത്യയില്ല, ഇൻസ്റ്റിറ്റുഷനൽ കൊലപാതകമാണ്. ഭരണകൂട അഹന്തയുടെ രക്തസാക്ഷിയാണ് ആ മനുഷ്യൻ… ശ്രീമതി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം…

content highlight: rahul-mamkootathil on district-panchayat-president-p-p-divya