Kerala

തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികൾക്കും ജീവപര്യന്തം | shibin-m-urder-case-

17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി

കൊച്ചി: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിനെ (19) കൊലപ്പെടുത്തിയ കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.

ഷിബിന്‍ കൊലക്കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഒക്ടോബര്‍ നാലിനാണ് ഹൈക്കോടതി വിധിച്ചത്. കേസിലുള്‍പ്പെട്ട 17 പ്രതികളില്‍ എട്ടുപേര്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് തുടര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഏഴുപ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും വിദേശത്തായിരുന്ന പ്രതികളെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഷിബിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളേയും സംശയത്തിന്റെ ആനുകൂല്യത്തിലാണ് വിചാരണാകോടതി വെറുതെവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി പുനപരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും ഷിബിന്റെ മാതാപിതാക്കളുടേയും ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വിചാരണാകോടതിവിധി തിരുത്തിയത്. ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാം പ്രതി അസ്ലം നേരത്തേ കൊല്ലപ്പെട്ടിരുന്നു. വിചാരണാകോടതി വെറുതെവിട്ടതിനുശേഷമായിരുന്നു ഇത്.

2015 ജനുവരി 22-നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെട്ടത്. രാഷ്ട്രീവും വര്‍ഗീയവുമായ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

content highlight: shibin-murder-case-life-imprisonment-for-accused