കീവ്: അടുത്ത വർഷത്തോടെ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ‘വിജയ പദ്ധതി’ യുക്രെയ്ൻ പാർലമെന്റിൽ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി അവതരിപ്പിച്ചു. ഉപാധികളില്ലാതെ നാറ്റോ അംഗത്വം അനുവദിക്കുന്നതിനൊപ്പം പാശ്ചാത്യശക്തികളുടെ ആയുധപിന്തുണയും ഉണ്ടെങ്കിൽ യുദ്ധം തീരുമെന്ന് സെലെൻസ്കി പറഞ്ഞു. യുക്രെയ്നിനെ സഹായിച്ചാൽ പകരം രാജ്യത്തിന്റെ പ്രകൃതി, ധാതുവിഭവങ്ങൾ വികസിപ്പിക്കാൻ പാശ്ചാത്യശക്തികളെ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
യുക്രെയ്ൻ സൈന്യം യൂറോപ്പിൽ നാറ്റോയുടെ ശക്തി വർധിപ്പിക്കും. നിലവിൽ യൂറോപ്പിലുള്ള യുഎസ് സൈന്യത്തിന്റെ എണ്ണം കുറയ്ക്കാനും ഇത് ഉപകരിക്കും. പാശ്ചാത്യശക്തികൾ പദ്ധതി അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ഒത്തുതീർപ്പിനു റഷ്യ നിർബന്ധിതമാകുമെന്നും സെലെൻസ്കി പറഞ്ഞു. കിഴക്കൻ യുക്രെയ്നിലെ നല്ലൊരുഭാഗം കീഴടക്കി റഷ്യൻ സൈന്യം മുന്നേറ്റം തുടരുകയും വൈദ്യുതിയില്ലാത്ത കടുത്ത മഞ്ഞുകാലം അടുത്തുവരികയും ചെയ്യുന്ന സാഹചര്യത്തിലാണു സെലെൻസ്കി വിജയ പദ്ധതി അവതരിപ്പിച്ചത്.