ദൈർ അൽബലഹ്: ഗസ്സയിലെ സ്‌കൂളിനുനേരെ വീണ്ടും ഇസ്രായേലിന്‍റെ ബോംബാക്രമണം. ഇതേ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 28 പേർ കൊല്ലപ്പെട്ടു. ഫലസ്തീൻ അഭയാർഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യുഎൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസിന്(യുഎൻആർഡബ്ല്യുഎ) കീഴിലുള്ള സ്‌കൂളിനു നേരെയാണ് ഇസ്രായേൽ ആക്രമണം നടന്നത്.
വടക്കൻ ഗസ്സയിലെ ജബാലിയയിലാണു സംഭവം. ആക്രമണത്തിൽ നിരവധി കുട്ടികൾ ഉൾപ്പെടെ 160 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽപെട്ട നിരവധി പേരെ ഇപ്പോഴും സിവിൽ ഡിഫൻസിന് പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തെ തുടർന്നുണ്ടായ തീയണക്കാൻപോലും വെള്ളമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥൻ മെദത്ത് അബ്ബാസ് പറഞ്ഞു.
കഴിഞ്ഞ 13 ദിവസമായി തുടർച്ചയായി അധിനിവേശ സേന കനത്ത ആക്രമണം തുടരുന്നതിനാൽ ജബലിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി. ഒരു വർഷത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 42,438 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 99,246 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.