ചെമ്മീന്‍ പുളിക്ക് പൊതുവേ ആവശ്യക്കാര്‍ കുറവാണ്. അച്ചാര്‍ ഇടുന്നതിനും മീന്‍കറിയില്‍ മാങ്ങയ്ക്ക് പകരവും ഒക്കെയാണ് ചെമ്മീന്‍ പുളി സാധാരണയായി ഉപയോഗിക്കാറ്. എന്നാല്‍ ഈ ചെമ്മീന്‍ പുളി ഉപയോഗിച്ചുകൊണ്ട് നല്ല രുചികരമായ ഒരു പച്ചടി തയ്യാറാക്കാം എന്ന് എത്രപേര്‍ക്ക് അറിയാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
ആവശ്യമായ ചേരുവകള്‍
- ചെമ്മീന്‍ പുളി
- പച്ചമുളക്
- തേങ്ങ
- കറിവേപ്പില
- പച്ചമുളക്
- ചെറിയ ഉള്ളി
- കടുക്
- തൈര്
- എണ്ണ
- ഉലുവ
- വറ്റല്‍ മുളക്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ പുളി കഴുകി വൃത്തിയാക്കിയ ശേഷം വട്ടത്തില്‍ അരിഞ്ഞെടുക്കുക. ശേഷം ഇതിലേക്ക് കുറച്ച് ഉപ്പ് ഇട്ട് 10 മിനിട്ടത്തേക്ക് മാറ്റിവയ്ക്കുക. ഇനി ഈ പുളിയിലെ വെള്ളമെല്ലാം നല്ലപോലെ പിഴിഞ്ഞു മാറ്റണം. ശേഷം ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ പച്ചമുളക്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ യോജിപ്പിച്ച് ഒന്ന് തിളപ്പിച്ച് എടുക്കാം. ഇനി നമുക്ക് ഇതിനായി അരപ്പ് തയ്യാറാക്കാം. അതിനാവശ്യമായ തേങ്ങ, കറിവേപ്പില, പച്ചമുളക്, ചെറിയ ഉള്ളി, കുറച്ച് കടുക് എന്നിവ ചേര്‍ത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കാം. ശേഷം ഇതിലേക്ക് തൈര് ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കണം. ഒരുപാട് വെള്ളത്തിന്റെ ആവശ്യമില്ല.
ഈ അടിച്ചെടുത്ത കൂട്ട് നമ്മള്‍ വേവിച്ചു വെച്ചിരിക്കുന്ന പുളിയിലേക്ക് ചേര്‍ത്തു കൊടുക്കുക. ശേഷം നല്ലപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇനി ഒരു പാന്‍ ചൂടാക്കി അതിലേക്ക് എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച് കുറച്ചു ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഒന്ന് താളിച്ച ശേഷം ഇത് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കറിയിലേക്ക് ചേര്‍ത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. നല്ല രുചികരമായ ചെമ്മീന്‍ പുളി പച്ചടി തയ്യാര്‍.