Crime

കുന്നംകുളത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

തൃശൂർ: അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വടക്കേക്കാട് സ്വദേശി വലിയവീട്ടിൽ മുഹമ്മദ് അൻസാരി (20)യെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുന്നംകുളം പൊലീസും ചേർന്ന് പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവരുന്നുണ്ടെന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച്‌ നടത്തിയ പരിശോധനയിലാണ് കുന്നംകുളം പഴയ ബസ്റ്റാന്‍ഡില്‍ നിന്നും പ്രതിയെ പിടികൂടിയത്. ബസില്‍ വന്നിറങ്ങിയ യുവാവിനെ നിരീക്ഷിച്ച ശേഷം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലാകുമ്ബോള്‍ ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നു.

മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച യുവാവിനെ അനുനയിപ്പിച്ചാണ് ബസ് സ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്ന് 2.30 ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയായിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവരുന്ന മയക്കുമരുന്ന് വടക്കേക്കാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന തുക ഗൂഗിള്‍ പേ വഴിയാണ് ഇയാള്‍ കൈമാറിയിരുന്നത്. ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോള്‍ ഒരു ലക്ഷത്തോളം രൂപയുടെ ഗൂഗില്‍ള്‍ പണമിടപാട് നടന്നതായി കണ്ടെത്തി.