ജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് നമ്മളിൽ പലരും. അതിൽ പ്രധാനാമായും ക്ഷീണം അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം അനുഭവപ്പെടാറുണ്ട്. രാത്രി ഉറക്കമില്ലായ്മ, ദീർഘദൂര യാത്രകൾ, കുറച്ചധികം നേരം ജോലി ചെയ്യുക, സ്ട്രെസ് ഇങ്ങനെ പല കാരണങ്ങളാലും പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെയും ക്ഷീണം കാണപ്പെടുന്നു. എന്നാൽ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ഉണ്ടാകുന്ന ക്ഷീണമാണെങ്കിൽ വൈദ്യസഹായം തേടുന്നത് ഉത്തമമായിരിക്കും. ഭക്ഷണക്രമത്തില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ഇല്ലാത്തതും ക്ഷീണത്തിന് കാരണമാകാം. അതിനാൽ ഒരു പരിധി വരെ ക്ഷീണം നിയന്ത്രിക്കാൻ ഊർജം ലഭിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് ഇവയാണ്.
മുട്ട
പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കൊളീന്‍, വിറ്റാമിന്‍ ഡി, വൈറ്റമിന്‍ ബി-12 എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഓരോ മുട്ട കഴിക്കുന്നതും നല്ലതാണ്. ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്ന ധാരാളം ഘടകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ മാറ്റാനും നേരെയാക്കാനും മുട്ടയ്ക്ക് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.
നേന്ത്രപ്പഴം
നിരവധി പോഷകങ്ങള്‍ അടങ്ങിയ ഊര്‍ജ്ജദായകമായ ഭക്ഷണമാണ് നേന്ത്രപ്പഴം. ഊര്‍ജ്ജത്തിന്‍റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്സും പഴത്തില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, പ്രോട്ടീന്‍, ഫൈബര്‍ എന്നിവയോടൊപ്പം സൂക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നീ പ്രകൃതിദത്ത പഞ്ചസാരകളും ഈ പഴത്തില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ നേന്ത്രപ്പഴം പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്ഷീണമകറ്റാനും ശരീരത്തിന് വേണ്ട ഊര്‍ജ്ജം ലഭിക്കാനും സഹായിക്കും.
ബദാം
ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ആരോഗ്യത്തോടിരിക്കാനും ബദാം ഏറെ നല്ലതാണ്. ഫൈബർ, ആൻ്റി ഓക്സിഡൻ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയൊക്കെ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ബദാം നല്ലൊരു ഓപ്ഷനാണ്. വർക്കൌട്ടിന് പോകുന്നതിന് മുൻപ് ബദാം കഴിക്കുന്നത് ഊർജ്ജം നനൽകുന്നതിനും സഹായിക്കും.
ഈന്തപ്പഴം
ഡ്രൈ ഫ്രൂട്ട്സുകളിലെ പ്രധാനിയാണ് ഈന്തപ്പഴം. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിന് വളരെ പ്രധാനമാണ്. ദിവസവും ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഒരു പരിധി വരെ ക്ഷീണം അകറ്റാൻ സഹായിക്കുന്നു. കൂടാതെ പാന്‍റോത്തെനിക് ആസിഡ്, ഫോളേറ്റ്, നിയാസിന്‍ പോലുള്ള ബി വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഈന്തപ്പഴം ഭക്ഷണത്തെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കുന്നു.
ചീര
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, അയൺ, പൊട്ടാസ്യം, കാത്സ്യം, തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ക്ഷീണം മാറാന്‍ സഹായിക്കുന്ന ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചീര ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. കലോറി കുറഞ്ഞ ഇവ നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
STORY HIGHLIGHT: foods that will help reduce fatigue and get energy