തിരുവനന്തപുരം: തീർഥാടനകാലത്ത് ശബരിമലയിലെ തിരക്കു നിയന്ത്രിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൊലീസുമായി ചേർന്ന് കൂടുതൽ നടപടികളെടുക്കും. ഭക്തരെ അതിവേഗത്തിൽ പതിനെട്ടാംപടി കയറ്റി വിടുന്നതിന് പരിചയ സമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ബോർഡ് ആവശ്യപ്പെടും. ഓരോ ബാച്ചിന്റെയും ഡ്യൂട്ടി അവസാനിച്ച് അടുത്ത ബാച്ച് എത്തുമ്പോൾ പഴയ ബാച്ചിലെ മികച്ച പൊലീസ് ഉദ്യോഗസ്ഥരെ നിലനിർത്തണമെന്നാണ് ബോർഡിന്റെ ആവശ്യം. പൊലീസ് ഈ ആവശ്യം പരിഗണിച്ചു വരികയാണ്. മിനിറ്റിൽ 90നും 100നും ഇടയിൽ പേരെ കയറ്റി വിടാനാണ് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കിൽ തിരക്കും കാത്തുനിൽപ്പും കുറയ്ക്കാനാകും.
സന്നിധാനത്ത് ഉൾപ്പെടെ തിരക്ക് കൂടുന്ന സമയങ്ങളിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥരെ നിയോഗിക്കാനും ബോർഡ് ആലോചിക്കുന്നു. തിരക്ക് അനുസരിച്ചു മാത്രമേ പമ്പയിൽനിന്ന് മല ചവിട്ടാൻ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവർത്തികമാക്കിയെങ്കിലും പമ്പയിൽ നിന്ന് സന്നിധാനത്ത് എത്താൻ 5 മണിക്കൂറിലേറെ സമയം എടുത്തു. ഭക്തരുടെ പ്രധാന പരാതിയും ഇതേക്കുറിച്ചാണ്.