Kerala

മനുഷ്യ ബോംബ് ഭീഷണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം വൈകി

കൊച്ചി: മനുഷ്യ ബോംബ് ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാനം വൈകി. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര എയര്‍ലൈന്‍സിന്റെ UK 518 -ാം നമ്പര്‍ വിമാനത്തിലാണ് യാത്രക്കാരൻ ഭീഷണി മുഴക്കിയത്.

വിജയ് മാന്ധ്യാന്‍ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് താന്‍ മനുഷ്യബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. 3.50 നു പുറപ്പെടേണ്ടിയിരുന്ന വിമാനം സുരക്ഷാ പരിശോധനയ്ക്ക് ശേഷം 4.19-ഓടെ പുറപ്പെട്ടു.

അതേസമയം, വ്യോമയാന മന്ത്രിയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് ഇപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കഴിഞ്ഞ ദിവസവും ഇവിടെ രണ്ട് വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.

വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവതരമാണെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിട്ടുണ്ട്. വ്യോമയാന സുരക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ആലോചിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.