കേരളത്തിൽ ആദ്യമായി നടന്ന വാഹനാപകടത്തെപ്പറ്റി ആർക്കെങ്കിലും അറിയാമോ.? കേരളത്തിലെ ആദ്യത്തെ വാഹനാപകടം ഉണ്ടായത് 109 വർഷങ്ങൾക്ക് മുൻപാണ്. അതായിത് 1914 സെപ്റ്റംബർ 20-ന് കായംകുളത്ത് നടന്ന ആ അപകടത്തിൽ മരിച്ചത് ഒരു വി വി ഐ പി കൂടി ആണ് എന്നത് പലർക്കും അറിയില്ല. “കേരള കാളിദാസൻ ” എന്നറിയപ്പെടുന്ന കേരളവർമ വലിയ കോയിത്തമ്പുരാൻ ആയിരുന്നു അത്. വൈക്കം മഹാദേവക്ഷേത്രത്തിൽ എല്ലാ വർഷവും തൊഴാൻ പോകുന്ന ശീലമുള്ള ആളായിരുന്നു കേരളവർമ വലിയകോയിത്തമ്പുരാൻ. അങ്ങനെ അദ്ദേഹം 1914 സെപ്റ്റംബർ 13 ന് പതിവുള്ള വഴിപാടുകൾക്കു ശേഷം ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ താമസിച്ച അദ്ദേഹം രാവിലെ പ്രാതൽ കഴിഞ്ഞ് അനന്തരവനായ ‘കേരള പാണിനി’ ഡോ.എ.ആർ.രാജരാജവർമയ്ക്കൊപ്പം തിരുവനന്തപുരത്തേക്ക് കാറിൽ പുറപ്പെടുകയായിരുന്നു.
ഗുസ്തിക്കാരൻ അയ്മനം കുട്ടൻപിള്ളയായിരുന്നു അദ്ദേഹത്തിന്റെ ഡ്രൈവർ. വലിയകോയിത്തമ്പുരാന്റെ പരിചാരകൻ തിരുമുൽപ്പാട് ഉൾപ്പെടെ നാലു പേരാണ് അന്ന് കാറിൽ ഉണ്ടായിരുന്നത്. ഹരിപ്പാട്ടുനിന്ന് മാവേലിക്കര-കായംകുളം വഴി തിരുവനന്തപുരത്തേക്ക് പോകാനായിരുന്നു തീരുമാനം. മാവേലിക്കര കഴിഞ്ഞു കുറ്റിത്തെരുവ് അടുത്തപ്പോഴാണ് ഒരു തെരുവുനായ കാറിനു കുറുകെ ചാടുന്നത്.
രാജകുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന അക്കാലത്തെ കാറുകൾക്ക് കനം വളരെ കുറവായിരുന്നു. പ്രത്യേക വേഷം ധരിച്ച അകമ്പടിക്കാർക്ക് നിൽക്കുവാൻ തരത്തിലുള്ള പലകകൾ വശങ്ങളിൽ നിർമ്മിച്ചിട്ടുണ്ടാരുന്നു.
അകമ്പടിക്കാരിൽ ഒരാൾ കുറുകെച്ചാടിയ നായയെ കാലുകൊണ്ട് തൊഴിച്ചോടിക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിന് ഇളക്കം ഉണ്ടായതും നിരങ്ങിനീങ്ങി വഴിയരികിലെ ചെറുകുഴിയിലേക്ക് മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ അപകടത്തിൽപ്പെട്ട ആളുകളെ കാറിൽ നിന്നു പുറത്തെടുത്തു. എ.ആർ.രാജരാജവർമ വലിയകോയിത്തമ്പുരാനെ എഴുന്നേൽപിച്ച് സമീപത്തുള്ള വീട്ടിലിരുത്തി പ്രഥമശുശ്രൂഷ നൽകുകയും ചെയ്തു.
തമ്പുരാന്റെ നെഞ്ചിന്റെ വലതുവശം ഇടിച്ചതൊഴിച്ചാൽ പ്രത്യക്ഷത്തിൽ മറ്റു പരുക്കുകൾ ഒന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
എന്നാൽ പരിചാരകൻ തിരുമുൽപ്പാടിന്റെ കാലിന് ഒടിവുണ്ടായിരുന്നു.
പിന്നീട് കൃഷ്ണപുരത്തു നിന്ന് കൊണ്ടുവന്ന ഒരു പല്ലക്കിൽ എ.ആർ. രാജരാജവർമയുടെ മാവേലിക്കരയിലെ വസതിയായ ശാരദാമന്ദിരത്തിലേക്ക് എത്തിക്കുകയായിരുന്നു.
പ്രശസ്ത ഡോക്ടർ വല്ല്യത്താൻ വലിയകോയിത്തമ്പുരാന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് ചികിത്സ ആരംഭിച്ചു.
എആറും മാവേലിക്കര ഉദയവർമത്തമ്പുരാനും ആണ് അദ്ദേഹത്തെ അപ്പോൾ ശുശ്രൂഷിച്ചിരുന്നത്.
എന്നാൽ, 1914 സെപ്റ്റംബർ 22ന് രാവിലെ എആറിന്റെ കൈകളിൽക്കിടന്ന് അമ്മാവൻ തിരുമനസ്സ് മരണപെട്ടു.
എ.ആർ.രാജരാജവർമയുടെ മക്കളായ എം.ഭാഗീരഥിയമ്മ തമ്പുരാനും എം.രാഘവവർമത്തമ്പുരാനും ചേർന്നെഴുതിയ ‘എ.ആർ.രാജരാജവർമ’ എന്ന ഗ്രന്ഥത്തിൽ ഈ കാറപകടത്തെ കുറിച്ച് പറയുന്നുണ്ട്.
അന്ന് വലിയകോയിത്തമ്പുരാനെ കൊണ്ടുവന്ന പല്ലക്ക് ഇന്നും ശാരദാ മന്ദിരത്തിന്റെ താഴത്തെ നിലയിൽ സംരക്ഷിച്ചുവരുന്നു.