കസാൻ: പശ്ചിമേഷ്യയിലെ സംഘർഷം പരിഹരിക്കാൻ ഇന്ത്യയ്ക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയൻ. ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡൻറ് ഇക്കാര്യം ആവശ്യപ്പെട്ടത്. പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘർഷം ലഘൂകരിക്കാൻ ഇടപെടണമെന്ന് ഇറാൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
മേഖലയിലെ സംഘർഷത്തിൽ നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇന്ത്യ അറിയിച്ചു.
ഇന്ത്യയുടെ ശ്രമങ്ങളിൽ സന്തോഷം അറിയിച്ച് വ്ളാഡിമിർ പുടിനും രംഗത്ത് വന്നു. നേരത്തെ യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് യുക്രൈൻ യുദ്ധത്തോടുള്ള ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചത്.
സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങൾക്ക് ഇന്ത്യ എപ്പോഴും തയറാണ്. ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങൾ വിലമതിക്കുന്നതായി പുടിൻ പ്രതികരിച്ചു.