Kerala

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി​ രാഹുൽ മാങ്കൂട്ടത്തിൽ; എതി‍ർത്ത്​ പൊലീസ്​

തിരുവനന്തപുരം: പാലക്കാട്​ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്​ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്​ ജാമ്യവ്യവസ്ഥയിൽ ഇളവ്​ നൽകരുതെന്ന്​ പൊലീസ്​ റിപ്പോർട്ട്​. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ്​ രാഹുൽ ഇളവ് തേടിയത്.

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്നുളള കേസിലെ ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടി കോടതിയിലെത്തിയത്. എന്നാല്‍ ഇളവ് നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. സ്ഥാനാര്‍ഥി എന്ന നിലക്കാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജി നല്‍കിയത്.

പൂരം കലക്കല്‍ ഗൂഢാലോചനക്കെതിരെയാണ് താന്‍ സമരം ചെയ്തതെന്നും തന്നെ സ്ഥിരം കുറ്റവാളിയെന്ന് പൊലീസ് വിളിക്കുന്നത് എന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. രാഹുലിന്റെ അപേക്ഷയില്‍ തിരുവനന്തപുരം സിജെഎം കോടതി നാളെ വിധി പറയും.

ഒക്​​ടോബർ എട്ടിന്​ പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭ മാർച്ചിനെ തുടർന്ന്​ മ്യൂസിയം പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലാണ്​ രാഹുൽ. റിമാൻഡ് സമയത്ത് 29-ാം പ്രതിയായിരുന്ന രാഹുലിനെ ഒന്നാം പ്രതിയാക്കി​ പൊലീസ്​ കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു​.