Kerala

പ്രിയങ്ക ഗാന്ധിക്കുള്ളത് 4.24 കോടി രൂപയുടെ നിക്ഷേപം, നാലേക്കറിലധികം ഭൂമി; നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപമെന്ന് സത്യവാങ്മൂലം. നാമനിര്‍ദേശ പത്രികയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 4.24 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.67 ലക്ഷം രൂപ മൂന്ന് ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമായാണ്. 52,000 രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ളത്.

രണ്ടിടങ്ങളായി നാലേക്കറോളം ഭൂമിയുണ്ട് പ്രിയങ്കയ്ക്ക്. എന്നാൽ, ഇവ രണ്ട് കൃഷിസ്ഥലമാണ്. കൃഷിസ്ഥലമല്ലാത്ത ഭൂമി കൈവശമില്ലെന്നാണ് സത്യവാങ്മൂലത്തിൽ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 5.63 കോടി രൂപ വിലമതിക്കുന്ന വീടുണ്ട്. ഭൂമിയും വീടുമടക്കം 7.74 കോടി രൂപയുടെ ആസ്തിയുണ്ട്. പ്രിയങ്കയ്ക്ക് 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

1.15 കോടി രൂപയുടെ സ്വര്‍ണവും 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികള്‍. 2004 മോഡല്‍ ഹോണ്ട സിആര്‍വി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത.

ബുധനാഴ്ച ഉച്ചയ്ക്കാണ് പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ളജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.