കർതാർപൂർ ഇടനാഴി കരാർ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. ഇതോടെ പാകിസ്ഥാനിലെ കർതാർപൂർ സാഹിബ് ഗുരുദ്വാര ഇന്ത്യൻ ഭക്തർക്ക് വിസ കൂടാതെ സന്ദർശിക്കാനാവും. 2019 ഒക്‌ടോബറിലാണ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. രണ്ട് രാജ്യങ്ങൾക്കിടയിലെ അന്താരാഷ്‌ട്ര അതിർത്തിയായ സീറോ പോയിന്റിൽ വച്ചാണ് കരാറിൽ ഒപ്പുവച്ചത്.കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെ പാകിസ്ഥാനിലെ നരോവൽ കർതാർപൂരിലുള്ള ദർബാർ സാഹിബ് ഗുരുദ്വാരയിലേയ്ക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് എത്തിച്ചേരുന്നതിനായി കരാർ അഞ്ചുവർഷത്തേയ്ക്ക് കൂടി നീട്ടിയതായി കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു.
കർതാർപൂർ ഇടനാഴിയിലൂടെ ഏകദേശം 5000 പേർക്ക് ഒരേസമയം ഗുരുദ്വാരയിലെത്താനാവും. തീർഥാടകരിൽ നിന്ന് 20 ഡോളർ (1682 രൂപ) സേവന ഫീസ് ഈടാക്കരുതെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) യോഗത്തിനായി വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ പാകിസ്ഥാനിലേക്ക് പോയി ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രഖ്യാപനം. ഒമ്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ബന്ധിപ്പിക്കുന്ന കർതാർപൂർ ഇടനാഴി 2019 നവംബർ ഒൻപതിനാണ് ഉദ്ഘാടനം നടത്തിയത്. ഗുരു നാനാക്കിന്റെ 550ാം ജന്മദിനത്തിലായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് എന്നിവരായിരുന്നു 500 പേരടങ്ങുന്ന ആദ്യ ബാച്ച് തീർത്ഥാടകരിൽ ഉണ്ടായിരുന്നത്.ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് എന്നറിയപ്പെടുന്ന ഇന്ത്യൻ ഭാഗത്തെ ഇടനാഴിയുടെ പാസഞ്ചർ ടെർമിനലും മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ പഞ്ചാബിലെ ഗുരുദാസ്പൂരിലെ ദേരാ ബാബ നാനാക്ക് പട്ടണത്തെയും പാകിസ്ഥാനിലെ നരോവൽ ജില്ലയിലെ കർതാർപൂർ സാഹിബ് ഗുരുദ്വാരയെയും ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ ഇടനാഴിയിലൂടെ സഞ്ചരിക്കാൻ ഭക്തർക്ക് അനുമതി ലഭിക്കുന്നത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിൽ നിന്നാണ്. പാകിസ്ഥാനിലുള്ള ഇടനാഴിയുടെ ഭാഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും.
കർതാർപൂർ ഇടനാഴിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് 2018ലാണ്. സിഖ് സമുദായത്തിന്റെ വിശ്വാസം തിരിച്ചറിയണമെന്നും, ഇന്ത്യൻ തീർഥാടകർക്ക് വർഷം മുഴുവനും എളുപ്പത്തിൽ എത്തിച്ചേരാനും സുഗമമായി കടന്നുപോകാനും കഴിയുന്ന തരത്തിൽ അന്താരാഷ്ട്ര അതിർത്തി മുതൽ ഗുരുദ്വാര കർതാപൂർ സാഹിബ് വരെയുള്ള പ്രദേശത്ത് അനുയോജ്യമായ സൗകര്യങ്ങളുള്ള ഇടനാഴി വികസിപ്പിക്കണമെന്നും ഇന്ത്യൻ സർക്കാർ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.ഇന്ത്യൻ മന്ത്രിസഭയുടെ അറിയിപ്പിന് പിന്നാലെ ബാബ ഗുരുനാനാക്കിന്റെ 550ാം ജന്മവാർഷികത്തോടനുബന്ധിച്ച് കർതാർപൂർ ഇടനാഴി തുറക്കാനുള്ള തീരുമാനം പാകിസ്ഥാൻ സർക്കാർ ഇതിനകം തന്നെ ഇന്ത്യയെ അറിയിച്ചതായി അന്നത്തെ പാകിസ്ഥാൻ വിദശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് കർതാർപൂർ ഇടനാഴിയെ “പ്രതീക്ഷയുടെ ഇടനാഴി” എന്നാണ് വിശേഷിപ്പിച്ചത്.
ഇടനാഴിയിലേക്കുള്ള പ്രവേശനം ഇന്ത്യൻ സിഖ് സമൂഹം ദീർഘകാലമായി ആവശ്യപ്പെടുന്ന ഒന്നായിരുന്നു. 1998ലും 2004ലും ഇത് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും ചർച്ച ചെയ്തു. 2008ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർതാർപൂർ ഇടനാഴിയുടെ പ്രശ്നം ഉന്നയിച്ചെങ്കിലും രാഷ്ട്രീയ സംഘർഷങ്ങളും അതിർത്തി കടന്നുള്ള തീവ്രവാദവും കാരണം പദ്ധതി യാഥാർത്ഥ്യമായില്ല.സിഖ് സമുദായക്കാർക്ക് ഏറ്റവും മഹത്തരമായി കണക്കാക്കുന്ന ആരാധനാലയങ്ങളിൽ ഒന്നാണ് കർതാർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര. 1521 മുതൽ 1539 വരെ ഗുരുനാനാക്ക് ദേവ് തന്റെ അവസാന നാളുകൾ കർതാർപൂർ സാഹിബിൽ ചെലവഴിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്.
1947ലെ വിഭജനം കർതാർപൂരിനെ പാകിസ്ഥാന്റെ ഭാഗമാക്കി മാറ്റി. ഇന്ത്യ-പാക് അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണെങ്കിലും കാലാകാലങ്ങളായി 125 കിലോമീറ്റർ യാത്ര ചെയ്ത് ലാഹോറിൽ എത്തിയതിന് ശേഷമാണ് ഇന്ത്യൻ വിശ്വാസികൾ ഗുരുദ്വാരയിലെത്തിയിരുന്നത്.വെള്ളപ്പൊക്കത്തിൽ യഥാർത്ഥ ഗുരുദ്വാര തകർന്നുപോയിരുന്നു. തുടർന്ന് 1925ൽ പട്യാല മഹാരാജാവും ബിജെപി നേതാവ് ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ മുത്തച്ഛനുമായ ഭൂപീന്ദർ സിംഗ് ആണ് ഗുരുദ്വാര പുനർനിർമ്മിച്ചത്. 2004ൽ പാകിസ്ഥാൻ സർക്കാർ ഈ ഗുരുദ്വാര പുനഃസ്ഥാപിക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാരിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് 1.92 ലക്ഷം ഭക്തർ കർതാർപൂർ സാഹിബ് ഇടനാഴിയിലൂടെ പാകിസ്ഥാനിലെ ഗുരുദ്വാര സന്ദർശിച്ചുവെന്ന് വ്യക്തമാക്കുന്നു.
STORY HIGHLLIGHTS : why-is–kartarpur-corridor-important-for-indians