ന്യൂയോർക്ക്: ബോയിങ് കമ്പനി നിർമിച്ച ഇന്റൽസാറ്റ് 33 ഇ ഉപഗ്രഹം പൊട്ടിത്തെറിച്ചതോടെ ബഹിരാകാശ മാലിന്യത്തിൽ വർധന. ഭൂസ്ഥിര ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന ഉപഗ്രഹം 35,000 കിലോമീറ്റർ ഉയരത്തിലാണു പൊട്ടിത്തെറിച്ചത്. ഉപഗ്രഹം 20 കഷ്ണങ്ങളായെന്ന് യുഎസ് അറിയിച്ചു. പൊട്ടിത്തെറിയുടെ കാരണം അജ്ഞാതമാണ്.
ഏഴര ലക്ഷത്തിലധികം മാലിന്യ വസ്തുക്കൾ ബഹിരാകാശത്തുണ്ട്. ഉപഗ്രഹങ്ങളുടെയും റോക്കറ്റുകളുടെയും നശിക്കാത്ത ഭാഗങ്ങളാണ് ഇവയിൽ അധികവും. ബഹിരാകാശ മാലിന്യത്തിന്റെ മികച്ച ഉദാഹരണമാണ് രണ്ടാം ചന്ദ്രൻ. എസ്ഒ 2020 എന്നറിയപ്പെട്ട ഈ തിളക്കമേറിയ വസ്തു 1966 ൽ നാസ ചന്ദ്രനിലേക്കു വിട്ട സർവേയർ 2 എന്ന ഉപഗ്രഹത്തിന്റെ ഭാഗമായിരുന്നു.
ഭൂമിയിൽ പതിക്കുന്ന ബഹിരാകാശ മാലിന്യം കുന്നുകൂടിക്കിടക്കുന്ന മേഖലയാണ് ശാന്തസമുദ്രത്തിലെ പോയിന്റ് നെമോ. 2023 ൽ ചരിത്രത്തിലാദ്യമായി ബഹിരാകാശമാലിന്യത്തിനു പിഴ ചുമത്തി. ഒരു ടിവി ഡിഷ് കമ്പനിക്കാണ് 1.2 കോടി രൂപ പിഴ കിട്ടിയത്. ഉപയോഗശൂന്യമായ ഉപഗ്രഹം ഡീ ഓർബിറ്റ് ചെയ്യാത്തതിനായിരുന്നു ഇത്. ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഭൂമിയിലെ സ്റ്റേഷനുകളിൽ നിന്ന് ലേസർ ഉപയോഗിച്ച് പിടിച്ചെടുക്കുക തുടങ്ങിയ മാർഗങ്ങൾ നാസ ആലോചിക്കുന്നു.