എഡിഎം നവീൻ ബാബുവിനെ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പിപി ദിവ്യ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം കോടതിയിൽ. പിപി ദിവ്യയും പരാതിക്കാരനായ സംരംഭകൻ പ്രശാന്തനും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ .ജോൺ എസ് റാൾഫ് കോടതിയിൽ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് പ്രശാന്തൻ പരാതി നൽകിയത്. ആ പരാതി കെട്ടിച്ചമച്ചതാണെന്നും, അതിൽ പേരുകളും പദവികളും തെറ്റായി നൽകിയെന്നും ഒപ്പുപോലും വ്യത്യസ്തമാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി ഈ മാസം 29ന് വിധി പറയാൻ മാറ്റി.
എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് നൽകിയ പരാതിയിലെ ഒപ്പുകൾ തമ്മിലുള്ള വൈരുധ്യം കുടുംബം ചൂണ്ടിക്കാട്ടി. പെട്രോൾ പമ്പിന് വേണ്ടി സ്ഥലമേറ്റെടുക്കുന്നതുമായി പള്ളിവികാരിയുമായി ഉണ്ടാക്കിയ കരാറിന്റെ ഔദ്യോഗിക രേഖകളിലെ ഒപ്പും എൻഒസിയിൽ ഫയലുകളിലെ ഒപ്പും മുഖ്യമന്ത്രിക്ക് നൽകിയെന്ന പറയുന്ന പരാതികളിലെ ഒപ്പുകളും തമ്മിൽ വ്യത്യാസമുണ്ട്. പരാതിയിൽ പേരുകളും പദവികളും തെറ്റായാണ് നൽകിയത്.
നവീൻബാബു കൈക്കൂലി വാങ്ങിയെങ്കിൽ പരാതി നൽകേണ്ടത് ഔദ്യോഗിക വഴിയിലൂടെയായിരുന്നു. എന്നാൽ അത് ചെയ്യാതെ വ്യക്തിഹത്യ ചെയ്യുകയാണ് പിപി ദിവ്യ ചെയ്തതെന്നു കുടുംബം കോടതിയിൽ പറഞ്ഞു. പിപി ദിവ്യ ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നയാളാണ്. ജില്ലയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനായ എഡിഎമ്മിനെതിരെ ഒരു പരാതി ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരെ അറിയിക്കുകയാണ് വേണ്ടത്. അവർക്ക് കലക്ടർക്ക് ഉൾപ്പടെ പരാതി നൽകാമായിരുന്നു. അല്ലെങ്കിൽ സംരംഭകനെ കൊണ്ട് പരാതി നൽകിക്കാമായിരുന്നു. അതൊന്നും ഇവിടെ ഉണ്ടായിട്ടില്ല. നന്നായി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നവീൻ ബാബുവിനെതിരായ പരാമർശത്തിന് പിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ പ്ലാനാണെന്നും കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. യാത്രയപ്പ് യോഗത്തിൽ അപമാനിക്കുന്ന തരത്തിലാണ് കാര്യങ്ങൾ നടന്നത്. പോകുന്ന സ്ഥലത്തെല്ലാം അപമാനിക്കണം എന്ന് ഉദ്ദേശിച്ചാണ് പിപി ദിവ്യ അങ്ങനെ ചെയ്തത്. ഉപഹാരം സമ്മാനിക്കുന്ന സമയത്ത് എഴുന്നേറ്റ് പോയത് അപമാനകരമാണ്. വേദിയിൽ തിരിച്ചുപറയാതിരുന്നത് നവീൻ ബാബുവിന്റെ മാന്യതയാണ്.
ഭരണഘടനാ ഉത്തരവാദിത്വം ഉള്ള എഡിഎമ്മിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഭീഷണിപ്പെടുത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ എല്ലാം അറിയാമെന്നയാരുന്നു ദിവ്യയുടെ ഭീഷണി. പെട്രോൾ പമ്പ് അനുമതി ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതല്ല. പിന്നെ എന്തിനാണ് എഡിഎമ്മിനെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. മരണഭയത്തെക്കാൾ വലുതാണ് അഭിമാനം. അതുകൊണ്ടാണ് നവീൻ ബാബു ജീവനൊടുക്കിയത്. ഒരു പരിഗണനയും പ്രതി അർഹിക്കുന്നില്ലെന്നും നവീൻ ബാബുവിന്റെ കുടുംബത്തിനായി ഹാജരായ അഭിഭാഷകൻ പറഞ്ഞു.