ചേരുവകൾ:
കാരമൽ സിറപ്പിന്:
പഞ്ചസാര – 150 ഗ്രാം
വെള്ളം – ¼ കപ്പ്
ചൂടുവെള്ളം – ½ കപ്പ്
ഡ്രൈ ഫ്രൂട്ട്സ്
മിക്സഡ് പഴങ്ങൾ – ആകെ 350 ഗ്രാം
(കറുത്ത ഉണക്കമുന്തിരി, ഗോൾഡൻ ഉണക്കമുന്തിരി, ടുട്ടി ഫ്രൂട്ടി, ഈന്തപ്പഴം, ചെറി, കശുവണ്ടിയും ബദാമും അരിഞ്ഞത്)
കുതിർക്കാൻ ഉപയോഗിച്ചത് – റം
ഡ്രൈ ഇൻഗ്രേഡിയൻസ്
മൈദ – 200 ഗ്രാം
ബേക്കിങ് പൗഡർ – 2 ടീസ്പൂണ്
ഉപ്പ് – 1/2 ടീസ്പൂൺ
മറ്റു ചേരുവകൾ:
വെണ്ണ – 150 ഗ്രാം
പൊടിച്ച പഞ്ചസാര – 180 ഗ്രാം
മുട്ട – 3 എണ്ണം
വാനില എസൻസ് – 1 ടീസ്പൂൺ
ബട്ടർ എസൻസ് – ¼ ടീസ്പൂൺ
ഓറഞ്ച് ജ്യൂസ് – 1 ടീസ്പൂൺ
കറുവപ്പട്ട പൊടിച്ചത് – ½ ടീസ്പൂൺ
ഗ്രാമ്പൂ പൊടിച്ചത് – ¼ ടീസ്പൂൺ
ഏലക്ക പൊടിച്ചത് – ½ ടീസ്പൂൺ
ജാതിക്ക പൊടിച്ചത് – ¼ ടീസ്പൂൺ
ചുക്ക് പൊടിച്ചത് – ½ ടീസ്പൂൺ
ഓറഞ്ച് തൊലി – 1 ടീസ്പൂൺ
നാരങ്ങ തൊലി – 1 ടീസ്പൂൺ
മൈദ – 4 ടേബിൾസ്പൂൺ (കോട്ട് ചെയ്യുന്നതിന്)
തയാറാക്കുന്ന വിധം
ആദ്യം ഡ്രൈ ഇൻഗ്രേഡിയൻസ് ഒന്ന് അരിച്ചെടുത്തശേഷം ഒരു വിസ്ക്ക് അല്ലെങ്കിൽ സ്പൂൺ വച്ച് നന്നായിട്ട് ഒന്നു മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. ഇനി പഞ്ചസാര കാരമലൈസ് ചെയ്യാൻ 150 ഗ്രാം പഞ്ചസാര കാൽകപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കണം. പഞ്ചസാര ഉരുക്കി കാരമലിന്റെ ഒരു കളർ കിട്ടി കഴിയുമ്പോൾ വേഗം തന്നെ തീ ഓഫ് ചെയ്തു പാൻ മാറ്റിപ്പിടിക്കാം. എന്നിട്ട് ഇതിലേക്ക് അരക്കപ്പ് ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. ഇനി ഇത് അടുപ്പത്തുവച്ച് ഒരു രണ്ട് മിനിറ്റ് നേരം കൂടി ചൂടാക്കി എടുക്കാം. അതിനുശേഷം വീണ്ടും തീ ഓഫ് ചെയ്തു തണുക്കാൻ മാറ്റിവയ്ക്കാം. ഇനി ബട്ടറും പൊടിച്ച പഞ്ചസാരയും കൂടി നല്ലതുപോലെ ബീറ്റ് ചെയ്തെടുക്കാം.ഇനി മുട്ട ഓരോന്നായി ചേർത്ത് കൊടുത്തു അടിച്ചെടുക്കാം.ഇതിലേക്ക് എസൻസുകൾ ചേർത്തുകൊടുക്കാം, എന്നിട്ട് ഒന്നു കൂടി ഒന്ന് യോജിപ്പിച്ച് എടുക്കാം.പട്ട, ഗ്രാമ്പു, ഏലക്ക, ജാതിക്ക, ചുക്ക് എന്നിവ പൊടിച്ചത് ചേർത്ത് യോജിപ്പിക്കാം.പഞ്ചസാര കാരമലൈസ് ചെയ്തത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. ഇത് ഒന്നു യോജിപ്പിച്ചശേഷം ഓറഞ്ച് ജ്യൂസും ചേർത്ത് മിക്സ് ചെയ്ത ശേഷം ബീറ്റർ മാറ്റിവയ്ക്കാം. അരിച്ചു വച്ച ഡ്രൈ ഇൻഗ്രീഡിയൻസ് കുറേശ്ശേയായി ചേർത്ത് യോജിപ്പിച്ചെടുക്കുക.റമ്മിൽ സോക്ക് ചെയ്തു വച്ചിരുന്ന ഡ്രൈഫ്രൂട്സ് ഒരു അരിപ്പ വച്ച് അരിച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് ഇട്ട ശേഷം അതിലേക്ക് ഓറഞ്ചിന്റെയും നാരങ്ങയുടെയും തൊലി ഗ്രേറ്റ് ചെയ്തത് ഇട്ടുകൊടുക്കാം. ചെറുതായി നുറുക്കിയ കശുവണ്ടിയും ബദാമും കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് നാല് ടേബിൾ സ്പൂൺ മൈദപ്പൊടി ചേർത്ത് ഇളക്കി എടുക്കണം, ഇത് ബാറ്ററിലേക്ക് ഇട്ട് യോജിപ്പിച്ചെടുക്കുക. ഇനി വെണ്ണ തടവി ബട്ടർ പേപ്പർ ഇട്ടുവച്ച ആറ് ഇഞ്ചിന്റെ ബേക്കിങ് ടിന്നിലേക്ക് ഈ ബാറ്റർ ഒഴിച്ചു കൊടുക്കാം. ബട്ടർ പേപ്പർ ഇട്ടു കൊടുക്കുമ്പോൾ വശങ്ങളിൽ ഉയരത്തിൽ ഇട്ടു കൊടുക്കാനായിട്ട് പ്രത്യേകം ശ്രദ്ധിക്കണം. ഈ ടിൻ നിലത്ത് പതുക്കെ ഒന്നുരണ്ടു തവണ തട്ടി കൊടുക്കാം. അവ്ൻ 160 ഡിഗ്രി ചൂടിൽ 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത ശേഷം ബേക്കിങ് ടിൻ അവ്നിലേക്കു വച്ച് ചൂട് 150 ഡിഗ്രിയിലേക്ക് കുറച്ച് ഇടാം. എന്നിട്ട് രണ്ടുമണിക്കൂർ നേരം ബേക്ക് ചെയ്തെടുക്കാം.റിച്ച് പ്ലം കേക്ക് റെഡിയായി.കേക്ക് ഒന്ന് തണുത്തശേഷം ബട്ടർ പേപ്പർ എല്ലാം എടുത്ത് മാറ്റാം. ഡ്രൈ ഫ്രൂട്ട്സ് അരിച്ചപ്പോൾ ബാക്കി വന്ന റം ഉണ്ടെങ്കിൽ അത് കേക്കിന്റെ അടിഭാഗത്തും വശങ്ങളിലും ബ്രഷ് ചെയ്തു കൊടുക്കാം. ഇത് ഒന്ന് വലിഞ്ഞശേഷം ഒരു ബട്ടർ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ് വായു കടക്കാത്ത ഒരു കണ്ടെയ്നറിൽ എടുത്ത് വയ്ക്കാം.ഇനി ഇത് മൂന്നാം ദിവസമെടുത്തു കേക്കിന്റെ മുകൾഭാഗത്തു ഒന്നുകൂടി റം ബ്രഷ് ചെയ്തു വീണ്ടും ബട്ടർ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാം.അഞ്ചാം ദിവസം കേക്ക് മുറിച്ച് ഉപയോഗിക്കാം.