ബെംഗളൂരു: കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. അനധികൃത ഖനന കേസില്‍ സിബിഐ ആണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഖനനം ചെയ്ത ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയതില്‍ 2010ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സെയിലിനെയും മറ്റ് രണ്ട് പ്രതികളെയും ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്നും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്നും കോടതി സിബിഐയോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
മെട്രിക് ടൺ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് സതീഷ് സെയിൽ കുറ്റക്കാരനാണെന്ന് ബെംഗളൂരുവിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി വിധിച്ചത്. ഇതിന് പിന്നാലെ വ്യാഴാഴ്ച വൈകുന്നേരത്തോടെ കാർവാറില്‍ നിന്നും അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു. സതീഷ് സെയിലിനെയും അറസ്റ്റിലായ മറ്റ് 2 പ്രതികളെയും നാളെ ഉച്ചയ്ക്ക് 12.30ന് കോടതിയിൽ ഹാജരാക്കണമെന്ന് പ്രത്യേക കോടതി ജസ്റ്റിസ് സന്തോഷ് ഗജാനൻ ഭട്ട് സിബിഐയോട് ഉത്തരവിട്ടിരുന്നു.
കേസിൽ ഉൾപ്പെട്ട മല്ലികാർജുന ഷിപ്പിങ് കോർപ്പറേഷൻ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസർ അടക്കമുള്ള മറ്റ് പ്രതികൾക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അതിക്രമിച്ച് കടക്കൽ, അഴിമതി എന്നീ കുറ്റങ്ങളാണ് അഴിമതി നിരോധന നിയമപ്രകാരം ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.