ഇന്നത്തെ കാലത്ത് എൽഇഡികളും സിഎഫ്എൽ ലാംപുകളുമൊക്കെയാണ് പ്രകാശം നൽകാനായുള്ളത്. എന്നാൽ ഇക്കാലം വരുന്നതിനു തൊട്ടുമുൻപ് ട്യൂബ് ലൈറ്റുകളും ഇൻകാൻഡിസെന്റ് ലൈറ്റ് ബൾബെന്ന് യഥാർഥ പേരുള്ള ബൾബുകളുമായിരുന്നു എവിടെയും പ്രകാശം ചൊരിഞ്ഞു നിന്നത്. ഇന്നും പലയിടങ്ങളിലും ആ പഴയകാലത്തിന്റെ അവശേഷിപ്പെന്ന നിലയിൽ ഇലക്ട്രിക് ബൾബുകളുണ്ടാകാം.
ഇത്തരം ഇൻകാൻഡിസെന്റ് ലൈറ്റ് ബൾബുകളിൽ ഏറ്റവും കൂടുതൽ കാലം പ്രകാശിച്ചുനിന്ന, ഇപ്പോഴും നിന്നുകൊണ്ടിരിക്കുന്ന ഒരു ബൾബുണ്ട്. ഇതാണ് യുഎസിലെ കലിഫോർണിയയിലുള്ള സെന്റിനീയൽ ലൈറ്റ്. കലിഫോർണിയയിലെ ലിവർമോറിൽ 4550 ഈസ്റ്റ് അവന്യുവിലാണ് ഈ ബൾബ് പ്രവർത്തിക്കുന്നത്.
1901 മുതൽ ഈ ബൾബ് കത്തുന്നു. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലുൾപ്പെടെ ഈ ബൾബ് ഫീച്ചർ ചെയ്തിട്ടുണ്ട്. പല ടിവി പരിപാടികളിലും ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ള ഈ ബൾബിന് സ്വന്തമായി ഒരു വെബ്സൈറ്റുമുണ്ട്. യുഎസിലെ ഒഹായോയിലെ ഷെൽബി ഇലക്ട്രിക് കമ്പനിയാണ് ഈ ബൾബ് നിർമിച്ചത്. വളരെ അപൂർവം സന്ദർഭങ്ങളിൽ മാത്രമാണ് ഈ ബൾബ് അണച്ചിട്ടുള്ളത്.ഇലക്ട്രിക് ലാംപ് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞനെന്ന് തോമസ് ആൽവ എഡിസനെയാണ് പലരും പറയാറുള്ളത്. പലരുടെയും മനസ്സിൽ ഇങ്ങനെയൊരു ധാരണ ഉറച്ചിട്ടുണ്ടെങ്കിലും ഇതു സത്യമല്ല. 1802ൽ വിഖ്യാത ശാസ്ത്രജ്ഞനായ സർ ഹംഫ്രി ഡേവിയാണ് ആദ്യമായി വിദ്യുച്ഛക്തി ഉപയോഗിച്ച് ഒരു പ്രകാശ സംവിധാനം രൂപപ്പെടുത്തിയത്. ഇലക്ട്രിക് ആർക് ലാംപ് എന്നായിരുന്നു അതിന്റെ പേര്.
തെരുവുവിളക്കുകളിലും വ്യാവസായിക സ്ഥലങ്ങളിലുമൊക്കെ ഉപയോഗിക്കാമായിരുന്നെങ്കിലും വീടുകളിലെ ഉപയോഗത്തിന് ആർക് ലാംപ് പ്രയോജനപ്രദമല്ലായിരുന്നു. വീടുകളിലെ ഉപയോഗത്തിനായി പലരും പല ലാംപുകളും പരീക്ഷിച്ചു. ജോസഫ് വിൽസൻ സ്വാൻ, ഹെന്റി വുഡ്വാഡ്, മാത്യു ഇവാൻസ് തുടങ്ങി ഇരുപതോളം ശാസ്ത്രജ്ഞർ ഇതിനായുള്ള കഠിനപ്രയത്‌നത്തിലായിരുന്നു. എന്നാൽ ഇതിന്റെ ഉത്തരം ലഭിച്ചത് എഡിസനിലൂടെയാണ്. 1880ൽ കാർബണും മുളനാരും ചേർത്തുള്ള ഫിലമെന്റിന് കൂടുതൽ നേരം വെളിച്ചം നൽകാൻ സാധിക്കുമെന്ന് എഡിസനും സംഘവും തിരിച്ചറിഞ്ഞു. പിന്നീട് ഒരുപാടുകാലം വീടുകളിൽ വെളിച്ചം പരത്തിയ ഇൻകാൻഡിസെന്റ് ബൾബുകളുടെ തുടക്കമായിരുന്നു ഇത്. 1906ൽ ബൾബുകളുടെ ഫിലമെന്റിൽ ടങ്സ്റ്റൻ ഉപയോഗിച്ചു തുടങ്ങി. കലിഫോർണിയയിലെ മെൻലോപാർക്ക് ആസ്ഥാനമാക്കിയാണ് എഡിസന്റെ ഗവേഷക സംഘം പ്രവർത്തിച്ചത്.
STORY HIGHLLIGHTS : history-incandescent-bulb-centennial-light