ചിക്കനും ബീഫും മാറി നില്കും ഈ സോയ ചങ്ക്സ് പെരട്ടിന് മുന്നിൽ. ഉച്ചയൂണിന് പെട്ടെന്ന് തയ്യാറാക്കാം ഈ രുചിയൂറും വിഭവം. സോയ ചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജ്ജിനെ വെല്ലുന്ന കറിയുണ്ടാക്കാം.
ചേരുവകൾ
- സോയ ചങ്ക്സ് – 1 1/2 കപ്പ്
- കുരുമുളക് – 2 ടേബിൾ സ്പൂൺ
- വലിയ ജീരകം – 1 ടീസ്പൂൺ
- ചെറിയ ജീരകം – 1 ടീസ്പൂൺ
- സവാള – 1 എണ്ണം
- തക്കാളി – 2 എണ്ണം
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളക്പൊടി – 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ചൂടാവാൻ വയ്ക്കണം. വെള്ളം തിളച്ച് വരുമ്പോൾ അതിലേക്ക് സോയ ചങ്ക്സ് ചേർത്ത് കൊടുക്കണം. സോയ ഇട്ട് രണ്ട് മിനിറ്റ് തിളപ്പിച്ചെടുക്കുക. ശേഷം വെള്ളം കളഞ്ഞ് സോയ നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഇതിലേക്കുള്ള മസാല തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വയ്ക്കണം. പാൻ ചൂടായി വരുമ്പോൾ അതിലേക്ക് കുരുമുളക്, ചെറിയ ജീരകം, വലിയ ജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. ശേഷം ഇത് നന്നായി പൊടിച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം കനം കുറച്ച് അരിഞ്ഞ സവാള പെട്ടെന്ന് വഴന്ന് കിട്ടാനായി ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം. സവാള വഴന്ന് വരുമ്പോൾ തക്കാളി ചേർത്ത് കൊടുക്കാം. തക്കാളി നന്നായി വെന്ത് വരുമ്പോൾ സോയ ചങ്ക്സ് ഇട്ട് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇതിലേക്ക് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിക്കുക. ശേഷം ഇതിലേക്ക് നേരത്തെ വറുത്തു പൊടിച്ച മസാല, മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നയി മിക്സ് ചെയ്ത്. ശേഷം ചെറിയ തീയിൽ ഡ്രൈ ആവുന്നത് വരെ വഴറ്റി എടുക്കുക.
STORY HIGHLIGHT: Soya Chunks perattu