ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റെയില്‍വേ മന്ത്രാലയത്തിന്റെ മൊത്തം 6798 കോടി രൂപ (ഏകദേശം) ചെലവു കണക്കാക്കുന്ന രണ്ടു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
256 കിലോമീറ്റര്‍ വരുന്ന നര്‍കടിയാഗഞ്ച്-റക്‌സൗല്‍-സീതാമഢി-ദര്‍ഭംഗ, സീതാമഢി-മുസഫര്‍പുര്‍ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കല്‍, (ബി) എര്‍റുപാലത്തിനും നമ്ബൂരുവിനും ഇടയില്‍ അമരാവതിവഴി 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയുടെ നിര്‍മാണം എന്നിവയാണ് അംഗീകരിച്ച രണ്ടു പദ്ധതികള്‍
നര്‍കടിയാഗഞ്ച്-റക്‌സൗല്‍-സീതാമഢി-ദര്‍ഭംഗ, സീതാമഢി-മുസഫര്‍പുര്‍ ഭാഗങ്ങളുടെ ഇരട്ടിപ്പിക്കല്‍ നേപ്പാള്‍, വടക്കുകിഴക്കന്‍ ഇന്ത്യ, അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റിക്ക് കരുത്തേകുകയും ചരക്കുട്രെയിനുകള്‍ക്കൊപ്പം യാത്രാട്രെയിനുകളുടെ സഞ്ചാരം സുഗമമാക്കുകയും ചെയ്യും. ഈ മേഖലയുടെ സാമൂഹ്യ-സാമ്ബത്തിക വളര്‍ച്ചയ്‌ക്കും ഇതു സഹായകമാകും.
ആന്ധ്രാപ്രദേശിലെ എന്‍ ടി ആര്‍ വിജയവാഡ, ഗുണ്ടൂര്‍ ജില്ലകളിലൂടെയും തെലങ്കാനയിലെ ഖമ്മം ജില്ലയിലൂടെയുമാണു പുതിയ എര്‍റുപാലം-അമരാവതി-നമ്ബൂരു റെയില്‍പ്പാതാപദ്ധതി കടന്നുപോകുന്നത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, ബിഹാര്‍ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളെ ഉള്‍ക്കൊള്ളുന്ന രണ്ടു പദ്ധതികള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 313 കിലോമീറ്റര്‍ വര്‍ധിപ്പിക്കും.
പുതിയ പദ്ധതി 9 പുതിയ സ്റ്റേഷനുകളുമായി ഏകദേശം 168 ഗ്രാമങ്ങളിലേക്കും ഏകദേശം 12 ലക്ഷം ജനസംഖ്യയിലേക്കും യാത്രാ സൗകര്യമൊരുക്കും. വിവിധ ട്രാക്കുകളുള്ള പദ്ധതി വികസനം കാംക്ഷിക്കുന്ന രണ്ടു ജില്ലകളിലേക്കുള്ള (സീതാമഢി, മുസഫര്‍പുര്‍) യാത്രാ സൗകര്യം വര്‍ധിപ്പിക്കും. 388 ഗ്രാമങ്ങള്‍ക്കും ഏകദേശം ഒമ്ബതുലക്ഷം പേര്‍ക്കും ഇതു പ്രയോജനപ്പെടും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍, വളം, കല്‍ക്കരി, ഇരുമ്ബയിര്, ഉരുക്ക്, സിമന്റ് തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിന് അവശ്യമായ പാതകളാണിവ. ശേഷി മെച്ചപ്പെടുത്തല്‍ പ്രവൃത്തികള്‍ 31 MTPA (പ്രതിവര്‍ഷം ദശലക്ഷം ടണ്‍) അധിക ചരക്കുനീക്കത്തിനു കാരണമാകും. പരിസ്ഥിതിസൗഹൃദവും ഊര്‍ജകാര്യക്ഷമവുമായ ഗതാഗതമാര്‍ഗമായതിനാല്‍, കാലാവസ്ഥാലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ചെലവു കുറയ്‌ക്കുന്നതിനും ഏഴു കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനു തുല്യമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ (168 കോടി കിലോഗ്രാം) കുറയ്‌ക്കുന്നതിനും റെയില്‍വെ സഹായിക്കും.
പുതിയ പാതാ നിര്‍ദേശം ആന്ധ്രപ്രദേശിന്റെ നിര്‍ദിഷ്ട തലസ്ഥാനമായ ”അമരാവതി”യിലേക്കു നേരിട്ടുള്ള സമ്ബര്‍ക്കസൗകര്യം പ്രദാനംചെയ്യും. കൂടാതെ വ്യവസായങ്ങളുടെയും ജനങ്ങളുടെയും ചലനക്ഷമത മെച്ചപ്പെടുത്തുകയും ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമതയും സേവനവിശ്വാസ്യതയും വര്‍ധിപ്പിക്കുകയും ചെയ്യും. വിവിധ ട്രാക്കുകള്‍ക്കായുള്ള നിര്‍ദേശം, ഇന്ത്യന്‍ റെയില്‍വേയിലുടനീളമുള്ള ഏറ്റവും തിരക്കേറിയ ഭാഗങ്ങളില്‍ ആവശ്യമായ അടിസ്ഥാനസൗകര്യവികസനം പ്രദാനംചെയ്യുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയും തിരക്കു കുറയ്‌ക്കുകയും ചെയ്യും.
ഈ മേഖലയുടെ സമഗ്രമായ വികസനത്തിലൂടെ തൊഴില്‍/സ്വയംതൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിച്ച്, മേഖലയിലെ ജനങ്ങളെ സ്വയംപര്യാപ്തമാക്കുന്ന പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതികള്‍.
സംയോജിത ആസൂത്രണത്തിലൂടെ സാധ്യമായ ബഹുതല സമ്ബര്‍ക്കസൗകര്യത്തിനായുള്ള പിഎം-ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിയുടെ ഫലമാണ് ഈ പദ്ധതികള്‍. ഇവ ജനങ്ങളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും നീക്കത്തിനു തടസരഹിതസമ്ബര്‍ക്കസൗകര്യം പ്രദാനംചെയ്യും.