Kerala

തൃശൂർ പൂരം: ത്രിതല അന്വേഷണം നടക്കുകയാണെന്നു സർക്കാർ; ഹർജി നവംബർ 19ന് പരിഗണിക്കും | The government says that Thrissur Pooram investigation is going on

കൊച്ചി: തൃശൂർ പൂരം അലങ്കോലമാക്കിയെന്ന പരാതിയിൽ സർക്കാരിന്റെ ത്രിതല അന്വേഷണം നടക്കുകയാണെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സത്യം കണ്ടെത്താൻ സർക്കാർ യഥാസമയം ആത്മാർഥമായ നടപടികൾ സ്വീകരിച്ചെന്നും ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ അടക്കം നൽകിയ ഹർജിയിലാണു സത്യവാങ്മൂലം നൽകിയത്. എഡിജിപി എം.ആർ.അജിത്കുമാർ പൂരദിവസം തൃശൂരിലുണ്ടായിട്ടും പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ടില്ലെന്ന പരാതി സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുകയാണെന്നും സത്യവാങ്മൂലത്തിൽ അറിയിച്ചു.

ഹർജി പരിഗണിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് 19 ന് പരിഗണിക്കാൻ മാറ്റി. കൊച്ചിൻ ദേവസ്വം ബോർഡ് ഉൾപ്പെടെ എതിർസത്യവാങ്മൂലം സമയം തേടി. ഹർജിക്കാരനും മറുപടി സത്യവാങ്മൂലം നൽകാൻ സമയം തേടിയിട്ടുണ്ട്. തൃശൂർ പൂരം സുഗമമായി നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും പൊലീസ് ആത്മാർഥ ശ്രമങ്ങളാണ് നടത്തിയതെന്ന് അറിയിച്ചു. എന്നിട്ടും മഠത്തിൽ വരവ് തടസ്സപ്പെട്ടെന്നും ബാരിക്കേഡുകൾ വച്ച് ജനങ്ങളെ തടഞ്ഞെന്നും പന്തലിലെ വെളിച്ചം കെടുത്തിയെന്നും വെടിക്കെട്ട് നിർത്തിച്ചെന്നും ആനയ്ക്ക് തീറ്റയുമായെത്തിയ പാപ്പന്മാരെ തടഞ്ഞെന്നും വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരിപ്പിട്ടു കയറുന്നത് വിലക്കിയെന്നും ഐഡി കാർഡ് നൽകിയില്ലെന്നും മറ്റും പരാതികൾ ലഭിച്ചു. ഇക്കാര്യങ്ങളിലാണ് സമഗ്ര അന്വേഷണം നടക്കുന്നതെന്നും സർക്കാർ അറിയിച്ചു.