കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഒരു മഹാത്ഭുതമായിരുന്നു, തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലൂടെ നീണ്ടു കിടന്നിരുന്ന സുപ്രസിദ്ധമായ നെടുങ്കോട്ട.
‘തിരുവിതാംകൂർ നിര’ ‘ ടിപ്പു കോട്ട’ എന്നെല്ലാം അറിയപ്പെട്ടിരുന്ന ഇതിന്റെ ഒരറ്റം കടലിനേയും മറ്റേയറ്റം പശ്ചിമഘട്ടത്തിലെ ആനമലയേയും ബന്ധിപ്പിച്ചിരുന്നു.
1761 നും 1765 നുമിടയിലാണ് കോട്ടയുടെ നിർമ്മാണം നടന്നത്. 1766 ൽ ടിപ്പുവിന്റെ പിതാവായ ഹൈദരാലി കൊച്ചി ആക്രമിച്ചപ്പോൾ കോട്ടയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞിരുന്നു. കൊച്ചിയുടെ അനുവതിയോടും സഹായത്തോടും കൂടി തിരുവിതാംകൂറിലെ ‘ ധർമ്മരാജ’ എന്നറിയപ്പെട്ടിരുന്ന കാർത്തികതിരുന്നാൾ രാമവർമ്മ (1758-1798) മഹാരാജാവാണ് കോട്ട പണി കഴിപ്പിച്ചത്. തിരുവിതാംകൂറിന്റെ സേനാനായകൻ യുസ്റ്റേഷ്യസ് ബനഡിക്ട് ഡിലനോയ് നിർമ്മാണ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കി. 1741 ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം തടവുകാരനായി പിടിക്കുകയും പിന്നീട് മാർത്താണ്ഡ വർമ്മ മഹാരാജാവ് തന്റെ സൈന്യത്തിന്റെ’ വലിയ കപ്പിത്താ’ നായി നിയോഗിക്കുകയും ചെയ്ത ഡച്ച് സേനാ നായകനായിരുന്നു ഡിലനോയ്. വടക്കൻ പറവൂരിൽ തമ്പടിച്ചു കൊണ്ട് ഡിലനോയ്കോട്ടനിർമ്മാണത്തിന്റെ മേൽനോട്ടം വഹിച്ചു. സമുദ്ര തീരത്തെ’ ആയ്കോട്ട’ ( പള്ളിപ്പുറം കോട്ട) യിൽ നിന്നും നെടുങ്കോട്ട ആരംഭിക്കുന്നു. പിന്നെ കോട്ടയുടെ പണി പുഴക്ക് വിട്ടുകൊടുത്തിട്ട് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന’ കൊടുങ്ങല്ലൂർ കോട്ട’ യുടെ തന്ത്ര പ്രധാനമായ കോട്ടമുക്കിൽ നിന്നും പുനരാരംഭിക്കുന്നു. വീണ്ടും കോട്ടയുടെ സ്ഥാനം അതിവിസ്തൃതമായ കായലിനെ ഏല്പിച്ച് കിഴക്കേ തീരത്തെ കൃഷ്ണൻ കോട്ടയിലെത്തുന്നു. സമ്പാളൂർ വില്ലേജിന്റെ കിഴക്കേ അതിർത്തിയിൽക്കൂടി പിന്നീട് ചാലക്കുടി പുഴയിൽ ചെന്നുമുട്ടുന്നു. പുഴക്കരയിൽ നിന്നും പുനരാരംഭിച്ച് പശ്ചിമഘട്ടത്തിലെ പർവ്വത ഭിത്തിയിൽ ചെന്ന് അവസാനിക്കുന്നു. ഇരുപത് അടി ആഴവും പതിനാറടി വീതിയുമുള്ള കിടങ്ങ് കോട്ടയുടെ വടക്കുവശത്തുകൂടി ഒപ്പം നീണ്ടുപോയ് കൊണ്ടിരുന്നു. കൂടാതെ നട്ടുപിടിപ്പിച്ച മുൾപടർപ്പുകളുടെ മുളങ്കാടുകൾ കൊണ്ടുള്ള മറ്റൊരു കോട്ട നിരയും കിടങ്ങിനു കാവൽ നിന്നിരുന്നു. നിരവധി കൊത്തളങ്ങളോടു കൂടിയതായിരുന്നു കോട്ട നിര. നാൽപതും അൻപതും അടി ഉയരമുണ്ടായിരുന്നു ചിലയിടങ്ങളിൽ ഇവയ്ക്ക്. മൂന്ന് ഫർലോങ്ങ് ദൂരത്തിൽ പട്ടാള ക്യാമ്പുകൾ . തന്ത്ര പ്രധാനമായ ഭാഗങ്ങളിൽ ഇഷ്ടികയും കുമ്മായവും കൊണ്ട് പണിത മേൽ പുരയിട്ട വെടിമരുന്ന് കലവറകൾ. ഓരോ മൈൽ ഇടവിട്ട് സൈന്യത്തിന് ശുദ്ധജലം ലഭിക്കാനാവശ്യമായ കിണറുകൾ. ഇവയുടെ അവശിഷ്ടങ്ങളെല്ലാം ഇന്ന് മിക്കവാറും നശിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി ബാക്കിയുള്ളത് കോനൂർ കോട്ടാവശിഷ്ടം പോലെ ചില ചെറിയ അവശേഷിപ്പുകൾ മാത്രം.
നെടുങ്കോട്ടയുടെ ഏറ്റവും മർമ്മപ്രധാനമായ ഭാഗം ചാലക്കുടിക്കടുത്ത് മേലൂർ പഞ്ചായത്തിനും കൊരട്ടി പഞ്ചായത്തിനുമിടയിലെ കോനൂർ കോട്ട മുറി എന്നറിയപ്പെടുന്ന സ്ഥലമാണ്. ടിപ്പു തന്റെ സർവ്വ സന്നാഹവുമെടുത്ത് കോട്ട പിളർന്നത് ഇവിടെയാണെന്ന് കരുതപ്പെടുന്നു. 1789 ഡിസംബർ 30 നാണ് ആ ചരിത്ര സംഭവം നടന്നതെന്നാണ് പറയപ്പെടുന്നത്. ഇവിടെ കോട്ട പൊളിച്ചുണ്ടാക്കിയ വാതിലിലൂടെ ഇരച്ചുകയറി വിജയത്തിലേക്ക് കുതിക്കുന്ന ടിപ്പുവിനെതിരെ കോട്ട കൊത്തളത്തിന്റെ നിഗൂഢമായ നിലവറയിൽ ഒളിച്ചിരുന്ന് ഗറില്ലാ ആക്രമണം നടത്തിയ ഇരുപത് പേരടങ്ങുന്ന തിരുവിതാംകൂർ ചാവേർ സംഘം അപ്രതീക്ഷിതമായ തിരിച്ചടി കൊടുത്തത് കോന്നൂർ കോട്ടവാതിക്കൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ വച്ചാണ്. ചാലക്കുടി താലൂക്കിലെ മുരിങ്ങൂർ തെക്കും മുറിവില്ലേജിൽ ഉൾപ്പെടുന്ന പ്രസ്തുത സംഭവം നടന്ന സ്ഥലം ഇന്നറിയപ്പെടുന്നത് ‘വെടിമറ പ്പറമ്പ് ‘ എന്നാണ്. ടിപ്പുവിന്റെ സേനാനായകൻ കൊല്ലപ്പെടുന്നത് ഇവിടെവച്ചാണ്. നിരവധി സൈനികർ ഒളിയാക്രമണത്തിൽ തിരിഞ്ഞോടി കിടങ്ങിൽ വീണ് മരിച്ചുവെന്നാണ് പറയപ്പെടുന്നത്. ടിപ്പുസുൽത്താനും കുതിരയോടൊപ്പം കിടങ്ങിൽ വീഴുകയും അദ്ദേഹത്തിന്റെ കാലൊടിഞ്ഞ് വിശ്രമിക്കേണ്ടി വന്നുവെന്നും പറയപ്പെടുന്നു.
മൈസൂരിന്റെ പിൻമാറ്റത്തിനു ശേഷം . നെടുങ്കോട്ട തിരുവിതാംകൂറിന്റെ അധീനതയിൽ തന്നെ തുടർന്നു. കൊച്ചിയിലെ ശക്തൻ തമ്പുരാൻ (1790-1805 ) നെടുങ്കോട്ടയും സമീപപ്രദേശങ്ങളും കൊച്ചിക്ക് അവകാശപ്പെട്ടതാണ് എന്ന് വാദിച്ചെങ്കിലും മാദ്ധ്യസ്ഥ്യം വഹിച്ച ബ്രിട്ടീഷ് ഗവൺമെന്റ് അത് അംഗീകരിച്ചില്ല. നൂറ്റാണ്ടുകളുടെ സാമൂഹ്യ- രാഷ്ട്രീയ പരിണാമങ്ങൾക്കും എണ്ണമറ്റ പടയോട്ടങ്ങൾക്കും സാക്ഷ്യം വഹിച്ച നെടുങ്കോട്ടയുടെ അവശേഷിക്കുന്ന അതിപ്രധാനമായ ചരിത്രശേഷിപ്പാണ് കോനൂർ കോട്ട എന്ന ചരിത്രസ്മാരകം.