Recipe

ഇനി കടയില്‍ നിന്ന് വാങ്ങി കഴിക്കേണ്ട; എളളുണ്ട വീട്ടില്‍ തന്നെ തയ്യാറാക്കാം

കടകളില്‍ നിന്നും വലിയ വില കൊടുത്ത് വാങ്ങുന്ന ഒരു പലഹാരമാണ് എള്ളുണ്ട. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഇഷ്ടമുള്ള ഒരു വിഭവമാണ് ഇത്. എന്നാല്‍ ഇനി കടകളില്‍ നിന്ന് വാങ്ങി കഴിക്കേണ്ട. വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് എള്ളുണ്ട. വെറും രണ്ട് ചേരുവകള്‍ മാത്രം മതിയാകും. എങ്ങനെയാണ് എള്ളുണ്ട തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

  • എളള്
  • ശര്‍ക്കര

തയ്യാറാക്കുന്ന വിധം

എള്ളുണ്ട് തയ്യാറാക്കുന്നതിനായി കുറച്ച് വെളുത്ത എള്ള് ഒരു പാനിലേക്ക് ഇട്ട് ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കണം. എളളില്‍ നിന്നും പൊട്ടുന്ന ശബ്ദം കേള്‍ക്കുന്നത് വരെ വേണം ഇത് റോസ്റ്റ് ചെയ്‌തെടുക്കാന്‍. അപ്പോഴേക്കും എളളിന്റെ നിറം ഒരു ചെറിയ ബ്രൗണ്‍ നിറത്തില്‍ ആയിരിക്കും. ഇനി വേണ്ടത് ശര്‍ക്കരപ്പാനിയാണ്. ഇതിനായി ഒരു പാന്‍ ചൂടാക്കി അതിലേക്ക് ശര്‍ക്കര ഇട്ടുകൊടുത്ത ശേഷം ഇതിലേക്ക് വെള്ളം ചേര്‍ത്ത് ഒന്ന് പാനിയാക്കി എടുക്കാം.

ശേഷം ഈ ശര്‍ക്കര പാനിയിലേക്ക് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന എള്ള് ചേര്‍ത്ത് കൊടുത്ത് നല്ലപോലെ ഇളക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ഇനി ചെയ്യേണ്ടത് ഇതിന്റെ ചൂട് ആറുന്നതിനു മുന്‍പ് തന്നെ ബോള്‍ രൂപത്തില്‍ ഉരുട്ടിയെടുക്കണം. വളരെ രുചികരമായ എള്ളുണ്ട തയ്യാര്‍.