കൊല്ലം: കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ഓട്ടോയില്‍ കടത്തികൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പ്ലസ് ടു വിദ്യാര്നികളെ തട്ടികൊണ്ടുപോകാനാണ് ശ്രമിച്ചത്.
കൊല്ലം എസ് എന്‍ കോളേജിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്. പ്രധാന റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈകാണിച്ച് രണ്ട് വിദ്യാര്‍ത്ഥിനികള്‍ കയറുകയായിരുന്നു. ഇതിനിടയില്‍ പുറത്തുണ്ടായിരുന്ന മറ്റൊരാളുമായി ഓട്ടോ ഡ്രൈവര്‍ വാക്കേറ്റം നടത്തി. ഇതിനു ശേഷം വളരെ ദേഷ്യത്തോടെ വേഗതയില്‍ ഓടിച്ചുപോയി. തങ്ങള്‍ പറഞ്ഞ വഴി പോകാതെ മറ്റൊരു വഴിയിലൂടെ ഓട്ടോ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍. എന്നാല്‍, ഓട്ടോ നിര്‍ത്താതെ മുന്നോട്ട് പോയതോടെ പേടിച്ചുപോയെന്നും പുറത്തേക്ക് ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു.
പിന്നീട് ഏറെ ദൂരം മുന്നോട്ട് പോയശേഷമാണ് ഓട്ടോയിലുണ്ടായിരുന്ന രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയെ ഇറക്കിവിട്ടത്. ഓട്ടോ ഡ്രൈവര്‍ മോശമായാണ് സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇടവഴിയിലേക്ക് ഓട്ടോ കയറ്റിക്കൊണ്ട് പോകാന്‍ ശ്രമിച്ചപ്പോള്‍ മെയിന്‍ റോഡിലൂടെ പോയാല്‍ മതിയെന്ന് ആവശ്യപ്പെട്ടതോടെയാണ് മോശമായി സംസാരിക്കാന്‍ തുടങ്ങിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
സംഭവത്തില്‍ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തി ഓട്ടോ ഡ്രൈവറെ പിടികൂടിയത്.