തിരുവനന്തപുരം: തൃശൂര്‍ പൂരം കലങ്ങിയ സംഭവത്തിൽ തൃശൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. പൂരം കലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന എസ്ഐടി സംഘത്തിലെ ഇന്‍സ്പെക്ടര്‍ ചിത്തരഞ്ചന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസെടുത്തെങ്കിലും ആരെയും പ്രതിചേർത്തിട്ടില്ല. വിവിധ പരാതികളുടേയും റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. ഇന്ന് കൊടുത്ത പരാതിയിലാണ് ഇന്ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്.അജിത് കുമാര്‍ സർക്കാരിന് നൽകിയ റിപ്പോർട്ട് നേരത്തെ തള്ളിയിരുന്നു.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്നായിരുന്നു എഡിജിപി അജിത് കുമാർ നൽകിയ റിപ്പോർട്ട്. തുടർന്ന് സർക്കാർ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി സിപിഐ രംഗത്തെത്തി. ബിജെപിക്ക് ജയിക്കാനായി പൂരം ബോധപൂർവം കലക്കിയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇതിനിടെ, ആർഎസ്എസിനെ സുഖിപ്പിക്കാനാണ് മുഖ്യമന്ത്രി പുരം കലക്കൽ ഒളിപ്പിക്കുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു. തിരുവമ്പാടി ദേവസ്വവും മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. പാറമേക്കാവ് ദേവസ്വവും അന്വേഷണം ആവശ്യപ്പെട്ടു.