Recipe

ഇനി ചിക്കന്‍ കട്‌ലറ്റ് തയ്യാറാക്കുമ്പോള്‍ ഇങ്ങനൊന്ന് പരീക്ഷിച്ച് നോക്കൂ

ചിക്കന്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരമാണ് കട്‌ലറ്റ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. കുറഞ്ഞ സമയവും വളരെ കുറച്ച് ചേരുവകളും മാത്രം മതി ഇത് തയ്യാറാക്കി എടുക്കാന്‍.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍
  • ഉപ്പ്
  • കുരുമുളകുപൊടി
  • ഉരുളക്കിഴങ്ങ്
  • എണ്ണ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • സവാള
  • പച്ചമുളക്
  • ഗരം മസാല
  • മല്ലിയില
  • മുട്ട
  • ബ്രഡ്ഡ്

തയ്യാറാക്കുന്ന വിധം

ചിക്കന്‍ കട്ട്‌ലറ്റ് തയ്യാറാക്കുന്നതിനായി ബോണ്‍ലെസ് ആയിട്ടുള്ള ചിക്കന്‍ എടുത്ത് അതിലേക്ക് കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഇട്ട് കുറച്ചു വെള്ളവും ഒഴിച്ച് ഒരു പാനിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം. ശേഷം ഒരു ഉരുളക്കിഴങ്ങ് തൊലി കളഞ്ഞെടുത്തത് ഒന്ന് വേവിച്ചെടുക്കുക. പിന്നെ നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കന്‍ ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇനി നമ്മള്‍ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, പച്ചമുളക് എന്നിവ ഇട്ട് നല്ലപോലെ ഒന്ന് വഴറ്റാം.

ഇനി ഇതിലേക്ക് കുരുമുളകുപൊടി, ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തു കൊടുക്കാം. ശേഷം ഇതൊക്കെ ഒന്നും മൂത്ത് പൊടികളുടെ പച്ചമണം മാറുമ്പോള്‍ നമ്മള്‍ ക്രഷ് ചെയ്തു വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് കൊടുക്കുക. അതിനോടൊപ്പം തന്നെ വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും കുറച്ച് മല്ലിയിലയും ഇട്ട് നല്ലപോലെ ഒന്ന് ഇളക്കി ചൂടാക്കി എടുക്കാം.

ശേഷം ചൂട് മാറുമ്പോള്‍ ഇവ ഒന്ന് കുഴച്ചെടുക്കാം. ഇനി ഒരു മുട്ട ബീറ്റ് ചെയ്ത് ഒരു ബൗളിലേക്ക് മാറ്റിവയ്ക്കുക. ഒരു പാത്രത്തില്‍ ബ്രെഡ് പൊടിച്ചതും കൂടി എടുത്തു വെക്കണം. ശേഷം നമ്മള്‍ കട്ട്‌ലെറ്റിന്റെ ഷേപ്പില്‍ പരത്തിയ മാവ് മുട്ടയില്‍ മുക്കിയ ശേഷം ബ്രെഡിന്റെ പൊടിയില്‍ കൂടി മുക്കുക. ഇനി ചൂടുള്ള എണ്ണയിലേക്ക് ഇട്ട് വറുത്തു കോരിയെടുക്കാം. ബ്രൗണ്‍ നിറം ആകുമ്പോഴേക്കും ഇത് എണ്ണയില്‍ നിന്നും മാറ്റാവുന്നതാണ്. വളരെ രുചികരമായ ചിക്കന്‍ കട്‌ലറ്റ് തയ്യാര്‍.