Recipe

ചായക്കൊപ്പം ഒരു സുഖിയന്‍ കൂടി ഉണ്ടെങ്കിലോ? ഇങ്ങനൊന്ന് തയ്യാറാക്കൂ

വൈകുന്നേരം ചായയ്‌ക്കൊപ്പം എന്തെങ്കിലും ഒരു ചൂടുള്ള പലഹാരം കൂടിയുണ്ടെങ്കില്‍ പലര്‍ക്കും വലിയ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ഇത്തവണ നമുക്ക് ഒരു രുചികരമായ സുഖിയന്‍ തയ്യാറാക്കി നോക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.

ആവശ്യമായ ചേരുവകള്‍

ചെറുപയര്‍
ഉപ്പ്
ഏലയ്ക്ക
തേങ്ങ
ജീരകപ്പൊടി
ശര്‍ക്കര
മൈദ
മഞ്ഞള്‍പ്പൊടി
എണ്ണ

തയ്യാറാക്കുന്ന വിധം

സുഖിയന്‍ തയ്യാറാക്കുന്നതിനായി ചെറുപയര്‍ 6 മണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തതിനു ശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് ഏലക്കായും ചേര്‍ത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം. ശേഷം വേവിച്ച് വെച്ചിരിക്കുന്ന ചെറുപയറിലേക്ക് തേങ്ങ ചിരകിയതും ഏലക്കായും ജീരകപ്പൊടിയും കൂടെ ചേര്‍ത്ത് ഒന്ന് മിക്‌സ് ചെയ്‌തെടുക്കാം. ഇനി ചേര്‍ക്കേണ്ടത് ശര്‍ക്കരപ്പാനിയാണ്. ഒന്ന് കട്ടി പരിവത്തില്‍ ആവുന്നത് വരെ ശര്‍ക്കരപ്പാനി ഒഴിച്ച് നമുക്ക് ഇത് കുഴച്ചെടുക്കാം. ശേഷം ബോള്‍ പരുവത്തില്‍ ഒന്ന് ഉരുട്ടിയെടുക്കാം.

ഇനി മൈദ മാവും കുറച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പ് വെള്ളം എന്നിവ യോജിപ്പിച്ച് മിക്‌സ് ചെയ്തു വെച്ചതിലേക്ക് നമ്മള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ചെറുപയറിന്റെ മിശ്രിതം ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് മുക്കി എടുക്കുക. ശേഷം ഇത് ചൂടുള്ള എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്‌തെടുക്കാം. വളരെ രുചികരമായ സൂഖിയന്‍ തയ്യാര്‍.