ഡബ്ബിങ് ആര്‍ടിസ്റ്റും തെന്നിന്ത്യന്‍ താരവുമായ രവീണ രവി വിവാഹിതയാകുന്നു. വാലാട്ടി സിനിമയുടെ സംവിധായകനായ ദേവൻ ജയകുമാറാണ് വരൻ. സമൂഹ മാധ്യമങ്ങൾ വഴി താരങ്ങൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദീപിക പദുകോൺ, എമി ജാക്സൺ, കൃതി ഷെട്ടി, നയൻതാര തുടങ്ങി നിരവധി നടിമാരുടെ ശബ്ദത്തിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റായി സിനിമയിലേയ്ക്ക് ചുവടുവെക്കുകയും പിന്നീട് നടിയായി ശ്രദ്ധ നേടുകയും ചെയ്ത താരമാണ് രവീണ രവി. താരം പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവിയുടേയും ഗായകനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ. രവീന്ദ്രനാഥിന്റെയും മകളാണ്. ആറാമത്തെ വയസ്സിൽ വാനപ്രസ്ഥം എന്ന സിനിമയിൽ ഒരു ബാലതാരത്തിന് ഡബ്ബ് ചെയ്തുകൊണ്ടാണ് രവീണ സിനിമാരംഗത്തേയ്ക്കെത്തുന്നത്. നിത്യ ഹരിത നായകൻ എന്ന മലയാളം ചിത്രത്തിലും ലവ് ടുഡേ, മാമന്നൻ, റോക്കി തുടങ്ങി നിരവധി തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ വി.കെ. പ്രകാശിന്റെ സഹായിയായാണ് ദേവൻ ജയകുമാർ ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഹലോ നമസ്തേ എന്ന ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടറായി മാറിയ ദേവൻ വാലാട്ടി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. സംവിധായകനും നിർമാതാവുമായ ജയൻ മുളങ്ങാടിന്റെയും ശ്രീകലയുടെയും മകൻ കൂടിയാണ്. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച ഈ സന്തോഷത്തിൽ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.
STORY HIGHLIGHT: actress raveena ravi to wed malayalam director devan jayakumar