Sports

രഞ്ജി ട്രോഫിയില്‍ കേരള – ബംഗാള്‍ മത്സരം സമനിലയില്‍; സല്‍മാന്‍ നിസാറിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും പ്രകടനം കേരളത്തിന് തുണയായി

കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം ഒന്‍പത് വിക്കറ്റിന് 356 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാള്‍ മൂന്ന് വിക്കറ്റിന് 181 റണ്‍സെടുത്ത് നില്‍ക്കെ കളി അവസാനിപ്പിക്കുകയായിരുന്നു.

ഏഴ് വിക്കറ്റിന് 267 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ കേരളത്തിന്റെ ഇന്നിങ്‌സ് 356 വരെ എത്തിച്ചത് സല്‍മാന്‍ നിസാറിന്റെയും മൊഹമ്മദ് അസറുദ്ദീന്റെയും പ്രകടനമാണ്. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 124 റണ്‍സ് പിറന്നു. 84 റണ്‍സെടുത്ത മൊഹമ്മദ് അസറുദ്ദീനെ മൊഹമ്മദ് കൈഫ് പുറത്താക്കിയപ്പോള്‍ സല്‍മാന്‍ നിസാര്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആറ് വിക്കറ്റിന് 83 റണ്‍സെന്ന നിലയില്‍ വലിയ തകര്‍ച്ച നേരിട്ട കേരളത്തിന്റേത് ഉജ്ജ്വല തിരിച്ചു വരവായിരുന്നു. 84 റണ്‍സെടുത്ത ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും ചേര്‍ന്നായിരുന്നു കേരളത്തെ കരകയറ്റിയത്. ബംഗാളിന് വേണ്ടി ഇഷാന്‍ പോറല്‍ ആറ് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാളിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്കി. ഒന്നാം വിക്കറ്റില്‍ 101 റണ്‍സ് പിറന്നു. ശുവം ദേ 67ഉം സുദീപ് ചാറ്റര്‍ജി 57ഉം റണ്‍സെടുത്തു. തുടര്‍ന്ന് അടുത്തടുത്ത ഇടവേളകളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും സുദീപ് കുമാറും അനുസ്തുപ് മജുംദാറും ചേര്‍ന്ന് ബംഗാള്‍ ഇന്നിങ്‌സിനെ കരകയറ്റി. കേരളത്തിന് വേണ്ടി ആദിത്യ സര്‍വാടെ രണ്ടും ജലജ് സക്‌സേന ഒരു വിക്കറ്റും വീഴ്ത്തി. മഴയെ തുടര്‍ന്ന് ആദ്യ ദിവസം പൂര്‍ണ്ണമായും രണ്ടാം ദിവസം ഭാഗികമായും കളി തടസ്സപ്പെട്ടിരുന്നു.