ശരീരത്തിന് ആവശ്യമായ മൂന്ന് പ്രധാന പോഷകങ്ങളിലൊന്നാണ് പ്രോട്ടീന്‍ അഥവാ മാംസ്യം. അതുകൊണ്ട് തന്നെ പ്രോട്ടീൻ പൗഡർ നല്ലൊരു വിപണിയായതിനാൽ വിദഗ്ധ ഉപദേശമില്ലാതെയാണ് ഇന്ന് പലരും ഇത് ഉപയോഗിച്ച് വരുന്നത്. ശരീരം വേഗത്തിൽ പുഷ്ടിപ്പെടുത്താനും മസിലുകൾ പെരുപ്പിക്കാനും വേണ്ടി ആളുകൾ ജിമ്മുകൾ തേടി നെട്ടോട്ടമോടുമ്പോൾ പലരും അഭയം തേടുന്നത് ഈ പ്രോട്ടീൻ പൗഡറുകളിലാണ്. ഉപദേശമില്ലാതെ തോന്നിയപോലെ പ്രോട്ടീൻ പൗഡർ കഴിക്കുന്നതിലൂടെ ആരോഗ്യം കൂടുതൽ വഷളാകുന്ന സാഹചര്യം വരെ ഉണ്ടാകാറുണ്ട്.
പ്രോട്ടീന്‍ പൗഡറുകളുടെ അമിതമായ ഉപയോഗം മസിലുകള്‍ വലുതാക്കുമെന്നുള്ള ധാരണ തികച്ചും തെറ്റാണ്. പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ മസിലുകള്‍ കൂട്ടാനുള്ള ഒന്നല്ല മറിച്ച് ഡയറ്ററി സപ്ലിമെന്റുകളാണ്. ശരീര പേശികളുടെ വളര്‍ച്ച നിലനില്‍പ്പ്, ചര്‍മം ,നഖം ,എല്ലുകള്‍ , രക്തം,ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ ,ആന്റിബോഡി എന്നിങ്ങനെ എല്ലാത്തിനും പ്രോട്ടീന്‍ അനിവാര്യ ഘടകമാണ്. എന്നാൽ പ്രോട്ടീന്‍ അളവ് കൂടുതലായി ശരീരത്തിലെത്തുന്നതും ദോഷകരമാണ്. അമിതമായ പ്രോട്ടീന്‍ ഉപയോഗം വൃക്കകളെ തകരാറിലാക്കുമെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഭക്ഷണത്തിൽ നിന്നും ലഭിക്കുന്ന പ്രോട്ടീൻ ശരീരത്തിൽ പോരാതെ വരുമ്പോഴാണ് ഡയറ്ററി സപ്പ്ളിമെന്റായ പ്രോട്ടീൻ പൗഡറിന്റെ സഹായം തേടുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് അയാളുടെ ശരീരഭാരത്തിന്റെ ഓരോ കിലോയ്ക്കും 0.8 ഗ്രാം പ്രോട്ടീന്റെ ആവശ്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ 20 മുതൽ 25 ശതമാനം വരെ കാലറി പ്രോട്ടീനിൽ നിന്നുമാണ് ലഭ്യമാകുന്നത്. പ്രോട്ടീൻ കൂടുതൽ അടങ്ങിയ പാൽ, മുട്ട, സോയാബീൻ തുടങ്ങിയവ പോലുള്ള ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുകയോ പ്രോട്ടീൻ പൗഡർ പോലുള്ള സപ്പ്ളിമെന്റുകൾ കഴിക്കുകയോ ചെയ്യാം. എന്നാൽ ഇത്തരം സപ്പ്ളിമെന്റുകൾ എടുക്കുന്നതിനു മുമ്പ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നത് ഉത്തമമായിരിക്കും.
പ്രോട്ടീൻ പൗഡറിന്റെ ഗുണങ്ങൾ
ഭക്ഷണത്തിലൂടെ ധാരാളമായി പ്രോട്ടീൻ ലഭിക്കാനുള്ള സാഹചര്യങ്ങൾ ധാരാളമുണ്ടെങ്കിലും ഉപയോഗിക്കാനുള്ള എളുപ്പത്തിനാണ് പലരും ഇന്ന് പ്രോട്ടീൻ പൗഡർ ഇഷ്ടപ്പെടുന്നത്. ഭക്ഷണത്തിലൂടെ പ്രോട്ടീൻ ശരീരത്തിലെത്താൻ ചിലപ്പോഴൊക്കെ താല്പര്യമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കേണ്ടി വന്നേക്കാം. ഇതിനു പകരമാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നു പ്രോട്ടീൻ പൗഡറുകൾ. വേ പ്രോട്ടീന്‍ എന്ന പേരിലാണ് പ്രോട്ടീൻ പൗഡറുകൾ മാർക്കറ്റിൽ ലഭ്യമാകുന്നത്. പാൽ, സോയ തുടങ്ങിയവ പ്രോസസ്സ് ചെയ്തതിനു ശേഷമാണ് പ്രോട്ടീൻ പൗഡർ ഉണ്ടാക്കുന്നത്. ബീഫ്, മട്ടൻ, പോർക്ക്, ചിക്കൻ, മുട്ട, മീൻ, ∙ പാൽ, പാലുൽപന്നങ്ങൾ, ∙ തവിടുള്ള കുത്തരി, മുഴുധാന്യങ്ങൾ, മുളപ്പിച്ച ധാന്യം, അണ്ടിപ്പരിപ്പ്, പയറുവർഗങ്ങൾ, സോയാബീൻ, ഇലക്കറികൾ, തൈര് എന്നിവയെല്ലാം പ്രോട്ടീൻ നൽകുന്ന ഭക്ഷണ വിഭവങ്ങളാണ്.
പ്രോട്ടീൻ അമിതമായാൽ
പ്രോട്ടീന്റെ അളവ് കൂടുതലായി ശരീരത്തിലെത്തുന്നതും ദോഷകരമാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ ശരീരത്തിൽ എത്തുന്നത് വൃക്കകളുടെ തകരാറിന് കാരണമാകും. കൂടാതെ ആവശ്യമായതിലും അധിക പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഓക്കാനം, ക്ഷീണം, തലവേദന, മലബന്ധം, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. മാത്രമല്ല, പ്രോട്ടീനൊപ്പം ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ നിർജലീകരണം ഉണ്ടാവാനുള്ള സാധ്യതയേറുന്നു. പ്രത്യേകിച്ച് വൃക്ക രോഗികൾ, ഗർഭിണികൾ, പ്രമേഹമുള്ളവർ എന്നിവർ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്നതിന് മുൻപ് ഒരു ന്യൂട്രീഷനിസ്റ്റിന്റെ അഭിപ്രായം തേടുന്നത് ഉത്തമമായിരിക്കും.
STORY HIGHLIGHT: advantages and disadvantages of protein powder