ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്ന കോൺഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നടപടികളിൽ വീഴ്ചയില്ലെന്നും വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
26 സീറ്റുകളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. സ്ഥിരമായി കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഇത്തരം ആരോപണങ്ങൾ ഉയരുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ മുന്നിൽ നിന്നിരുന്ന കോൺഗ്രസ് പിന്നിലേക്ക് പോവുകയായിരുന്നു. തുടർന്നാണ് ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് രംഗത്ത് എത്തിയത്. ആരോപണം ഉയർന്ന മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു കോൺഗ്രിന്റെ ആവശ്യം.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഓരോ ചുവടും കുറ്റമറ്റതാണെന്നും കേൺഗ്രസ് സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ നിരീക്ഷണത്തിലാണ് പ്രക്രിയകൾ നടന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.
ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, ജയറാം രമേശ്, പവൻ ഖേഡ, അജയ് മാക്കൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഫലപ്രഖ്യാപനത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ച. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.