ആഗുംബേയിലെ മഴക്കാടുകൾക്കുള്ളിലെ ഏക ശിലാ സ്തംഭത്തിന്റെ നെറുകയിൽ പതിനേഴാം നൂറ്റാണ്ടിലെ ഒരു പുരാതന
ജൈനക്ഷേത്രമുണ്ട്. ഒരുപാട് ചരിത്രം ഉറങ്ങുന്ന ഒരു ക്ഷേത്രം. 3200 അടി ഉയരത്തിൽ ആണ് ഈ ക്ഷേത്രം. കുടചാദ്രി പോലെ മനോഹരമാണ് കുന്ദാദ്രിയും. താഴ്വവാരത്തു നിന്നും 7 കിലോമീറ്റർ യാത്ര ചെയ്താൽ ആണ് കുന്ദാദ്രിയുടെ ഉയരങ്ങളിൽ എത്താൻ കഴിയുക. നടന്ന് പോകുന്നവർക്ക് കാട്ടിലെ മറ്റു വഴികളിലൂടെയും എത്താൻ കഴിയും. കാട്ടുവഴികളിലൂടെ ചെറു തോടുകൾ കടന്നു മൂന്നു മണിക്കൂറോളം നടന്നും മുകളിലെത്താൻ കഴിയും. ദിഗംബര ജൈന സന്യാസിമാരിൽ പ്രമുഖനായ കുന്ദാകുന്ദ ആചാര്യ 2000 ത്തോളം വർഷങ്ങൾക്കു മുന്നേ ഈ മല മുകളിൽ കുറേക്കാലം താമസിച്ചതായി
പറയുന്നുണ്ട്.
അവസാന ജൈന തീർഥങ്കരൻ ആയ മഹാവീരന് മുന്നേജീവിച്ച ഇരുപത്തിമൂന്നാമത്തെ തീർഥങ്കരൻ പാർശ്വനാഥൻ കുടിയിരിക്കുന്നത് ഈ ജൈനക്ഷേത്രത്തിൽ ആണ് എന്നാണ് ചരിത്രം പറയുന്നത്.കരിങ്കൽ പാളികൾ കൊണ്ട് നിർമ്മിച്ചത് ആണ് ക്ഷേത്രത്തിന്റെ മുൻ വാതിൽ. ഒരു ചെറു കവാടം കടന്നു വേണം ശ്രീകോവിലിനു മുന്നിൽ എത്താൻ.
ശ്രീകോവിലിലെ പാർശ്വനാഥൻ എണ്ണ മെഴുക്കുള്ള കൃഷ്ണ വിഗ്രഹം പോലെ മനോഹരമായി തോന്നി.ഏഴാം നൂറ്റാണ്ടിൽ ഗംഗാ തടത്തിൽ രൂപം കൊണ്ട ജൈനമതം. 24 തീർത്ഥങ്കരൻമാരുടെ ആത്മീയ പ്രകാശത്തിൽ തളിർത്ത് പടർന്ന് പന്തലിക്കുക ആയിരുന്നു.
പുനർജ്ജന്മത്തിന്റെയും മോക്ഷത്തിന്റെയും പാത മുറിച്ചുകടന്നയാൾ ആണ് ഈ തീർത്ഥങ്കരൻ. ഈ ലോകത്തുള്ള എല്ലാ ജൈനർക്കും പ്രധാനപ്പെട്ടതാണ് ഈ ക്ഷേത്രം .
കാരണം ഇത് പാർശ്വനാഥന് വേണ്ടി നിർമ്മിച്ചതാണ്. ക്ഷേത്രത്തിന്റെ മുന്നിലും ഇടത്ത് വശത്തുമായി രണ്ടു പാറക്കുളങ്ങൾ ഉണ്ട്. അവ ഒരിക്കലും വറ്റില്ല. വലിയ കുളത്തിന് ചുറ്റും കമ്പി വേലി കെട്ടിയിട്ടുണ്ട്. മുന്നിലുള്ള കുളത്തിൽ ആമ്പലുകൾ എപ്പോഴും ഉണ്ടാകും. ഇവിടെ നിന്നാൽ ആഗുംബയുടെ മഴക്കാടും സോമേശ്വരി, മുകാംബിക, കുഡ്രിമുഖ് വനമേഖലകളും കുടക് മലനിരകളും ഒഴുകുന്ന സീതാ നദിയും മാലതി നദിയും വരാഹി നദിയും തുംകയെയും കാണാൻ കഴിയും.
Story Highlights ; kundhadri Temple