ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം പ്രധാനമാണ്. ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലവും പ്രധാനമാണ്. എല്ലുകളുടേയും പേശികളുടേയും ബലത്തിനും കരുത്തിനും വിറ്റാമിനുകളും ധാതുക്കളും അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നത് ഓസ്റ്റിയോപൊറോസിസ് വരുന്നതിന് കാരണമാകും. എല്ലുകളുടെ കട്ടി കുറഞ്ഞ് അവ ഒടിയുകയോ സ്ഥാനഭ്രംശം വരികയോ ചെയ്യുന്ന അവസ്ഥയാണിത്. എന്നാല്‍ പോഷകങ്ങളടങ്ങിയ ഭക്ഷണം എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്തും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്ന ചില സൂപ്പർ ഫുഡുകളെ പരിചയപ്പെടാം.
എല്ലുകളെ ശക്തിപ്പെടുത്തുന്നതിനായി കഴിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഭക്ഷണമാണ് പച്ച ഇലക്കറികള്‍. പോഷകമൂല്യമേറെയുള്ള പച്ചിലകളിൽ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ട വിറ്റാമിനുകളും ധാതുക്കളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര,കാബേജ്, മുരിങ്ങയില തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ ചീരയില്‍ സാധാരണ ഇലക്കറികളേക്കാള്‍ കൂടുതല്‍ കാത്സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ കെ എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ആരോഗ്യത്തിന് ഇവ വളരെ ആവശ്യമാണ്.
അയല വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍, ചൂര, മത്തി തുടങ്ങിയ മീനുകളെല്ലാം ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ കലവറകളാണ്. വിറ്റാമിന്‍ ഡി, കാത്സ്യം ആഗിരണത്തെ സഹായിക്കുന്ന മിനറലുകള്‍ എന്നിവയെല്ലാം ധാരാളമായി ഇവയിലടങ്ങിയിട്ടുണ്ട്. മുട്ടയും പോഷകാഹാരങ്ങളില്‍ മുൻപന്തിയിൽ നിൽക്കുന്നു. കൂടാതെ തൈറോയിഡ് പ്രശ്നങ്ങള്‍ കുറക്കാനും ഇത്തരം മത്സ്യങ്ങള്‍ ശീലമാക്കുന്നത് നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിന് മുട്ട കഴിക്കുന്നതും ധാരാളം മത്സ്യം കഴിക്കുന്നതും ഉത്തമമാണ്.
സമ്പൂര്‍ണ ആഹാരം എന്ന നിലയിലാണ് പാല്‍ അറിയപ്പെടുന്നത്. കാത്സ്യം, വിറ്റാമിന്‍ ഡി, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിങ്ങനെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ടതെല്ലാം പാലിലടങ്ങിയിട്ടുണ്ട്. പാല്‍, തൈര്, ചീസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ കാൽസ്യം ധാരാളമായി കാണപ്പെടുന്നു. ഇവ എല്ലുകളുടെ ശക്തിയ്ക്കും ഘടനയ്ക്കും ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനാണ്. ചീസ് ഉള്‍പ്പെടെയുള്ള പാല്‍ ഉത്പന്നങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
STORY HIGHLIGHT: foods that help to boost bone health