ഹനുമാൻ ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ എന്ന രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകനാരെന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പുറത്ത് വന്ന പോസ്റ്റർ നൽകുന്നത്. ‘കാന്താര’ എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമാപ്രേമികളെ ഞെട്ടിച്ച റിഷഭ് ഷെട്ടിയാണ് ചിത്രത്തിൽ നായകനായ ഹനുമാനായി എത്തുന്നത്. പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ‘ജയ് ഹനുമാൻ’ പ്രഖ്യാപനം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ്.
ശ്രീരാമന്റെ വിഗ്രഹം കൈയ്യിൽ ചേർത്ത് പിടിച്ചിരിക്കുന്ന റിഷബിനെയാണ് ഫസ്റ്റ് ലുക്കിൽ കാണാൻ സാധിക്കുന്നത്. ആദ്യ ഭാഗത്തെക്കാൾ വലിയ ബഡ്ജറ്റിൽ ആണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ദേശീയ അവാർഡ് ജേതാവായ റിഷഭ് ഷെട്ടിയോടൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ട് പ്രശാന്ത് വർമ്മ എക്സിൽ കുറിച്ചു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ‘ജയ് ഹനുമാൻ’ നിർമിക്കുന്നത്. ചിത്രം ഒരു ഗംഭീര സിനിമാനുഭവമാണ് പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.
STORY HIGHLIGHT: jai hanuman first look poster out