Celebrities

‘സുരേഷ് ഗോപി ആ സിനിമകള്‍ക്ക് വാങ്ങിയ പ്രതിഫലം എനിക്ക് പുറത്ത് പറയാന്‍ പറ്റത്തില്ല, ഇത്തരം കാര്യങ്ങളല്ല പുള്ളിക്ക് താല്‍പര്യം’: രാജസേനന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ സംവിധായകനാണ് രാജസേനന്‍. രാജസേനന്റെ സിനിമകള്‍ എല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപിയെ കുറിച്ച് രാജസേനന്‍ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്.

‘സുരേഷ് ഗോപി അങ്ങനെ സെറ്റില്‍ വഴക്ക് കൂടുന്ന ആളല്ല. റൂം പ്രശ്‌നമില്ല, ആഹാരം പ്രശ്‌നമില്ല, ഇനി ആഹാരം ശരിയല്ലെങ്കില്‍ പുള്ളി കാശുകൊടുത്ത് വെളിയില്‍ നിന്ന് വാങ്ങി കഴിക്കും. അതുപോലെ സാമ്പത്തികവും സുരേഷ് ഗോപിക്ക് പ്രശ്‌നമല്ല. എനിക്കറിയാം ഞാന്‍ ചെയ്ത മേഘസന്ദേശം, സ്വപ്നം കൊണ്ട് തുലാഭാരം എന്നീ രണ്ട് സിനിമകളിലും സുരേഷ് ഗോപി വാങ്ങിയ പ്രതിഫലം എനിക്ക് പുറത്ത് പറയാന്‍ പറ്റത്തില്ല. അത് എന്റെ സിനിമ ചെയ്യാന്‍ ആഗ്രഹമുള്ളതുകൊണ്ടുകൂടിയാണ്. എന്നോടുള്ള വ്യക്തിപരമായ താല്‍പര്യമാണ്. അതിന്റെ നിര്‍മ്മാതാക്കളോടുള്ള ഒരു താല്‍പര്യവും ഉണ്ടായിരുന്നു. അതായത് കെ രാധാകൃഷ്ണന്‍. കെ രാധാകൃഷ്ണനോടുള്ള ആ സൗഹൃദം പുള്ളിയുടെ പ്രവര്‍ത്തിയില്‍ കാണിച്ചു എന്നുള്ളതാണ്.’

‘അതുപോലെ തന്നെ സ്വപ്നം കൊണ്ട് തുലാഭാരത്തിലും എന്നോടും ആ കഥയോടും, ആ കഥ കേട്ടപ്പോള്‍ സുരേഷ് ഗോപി എന്നോടു പറഞ്ഞു തീര്‍ച്ചയായിട്ടും ഞാനിത് ചെയ്യും, ഇവിടെ എനിക്ക് സാമ്പത്തികം പ്രശ്‌നമല്ല എന്ന്. അപ്പോള്‍ അങ്ങനെ അപൂര്‍വ്വം ആള്‍ക്കാരുണ്ട്. പക്ഷേ പ്രേംനസീര്‍ എന്ന് പറയുന്നത് വേറെ ഒരാളാണ്. അദ്ദേഹവുമായി താരതമപ്പെടുത്താന്‍ ഒരാളില്ല. പ്രേം നസീര്‍ ആരെയെങ്കിലും സഹായിക്കുകയാണെങ്കില്‍ അത് പുറത്ത് അറിയണമെന്ന് അദ്ദേഹത്തിന് യാതൊരുവിധ നിര്‍ബന്ധവുമില്ല. അത് അറിയാന്‍ പാടില്ല എന്നാണ്. പുള്ളി അങ്ങനെ ഒന്നും പറയില്ല. ഞാന്‍ രണ്ട് സിനിമയില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട് അടുത്ത് ചെന്നിരുന്നാലും ഇത്തരം കാര്യങ്ങളല്ല പുള്ളിക്ക് താല്‍പര്യം.’

‘പുള്ളിക്ക് ആ സിനിമയെ കുറിച്ചുള്ള ചര്‍ച്ച, ഭാവി പരിപാടികളെക്കുറിച്ച് എന്നോടൊക്കെ ഇങ്ങനെ ചുമ്മാ ചോദിക്കുമായിരുന്നു. എന്താണ് ഭാവി പരിപാടി എന്നൊക്കെ.. ശ്രദ്ധിച്ചു നില്‍ക്കണം.. എന്നൊക്കെയുള്ള ഉപദേശം തരുമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ ഉള്ളിലേക്ക് ദൈവം കടന്നുപോകുന്നതുപോലെ തോന്നും. അദ്ദേഹത്തിന്റെ ശബ്ദത്തിന് അങ്ങനെയൊരു ശക്തിയുണ്ട്. അദ്ദേഹം പറയുന്ന രീതിക്കും അങ്ങനെയൊരു ശക്തിയുണ്ട്. പിന്നെ മുഖം അറിയാമല്ലോ മറ്റൊരാള്‍ക്കും നമ്മള്‍ കാണാത്ത ഒരു മുഖവും സൗന്ദര്യവും ആണ് അദ്ദേഹത്തിന്.’

‘ഒടിടി പ്ലാറ്റ്‌ഫോം എന്ന് പറയുന്നത് കോവിഡ് വന്നത് കൊണ്ടാണ് പെട്ടെന്ന് വന്നത്. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഒടിടി പ്ലാറ്റ്‌ഫോം വരും. അത് ആവശ്യവുമാണ്. കാരണം നമുക്ക് വേണമെങ്കില്‍ രണ്ടുതരം സിനിമകളായിട്ട് ഇതിനെ കാണാം. ചില സിനിമകള്‍ തിയേറ്ററില്‍ കളിക്കാന്‍ താല്‍പര്യപ്പെടാറില്ല. അഥവാ ഒന്നോ രണ്ടോ ദിവസം കളിച്ചു കഴിഞ്ഞാല്‍ കളക്ഷന്‍ കുറവാണെങ്കില്‍ അവര്‍ അത് മാറ്റും. അവര്‍ക്ക് അവരുടെ നിലനില്‍പ്പ് കൂടി നോക്കണം. തിയേറ്ററില്‍ ഒരുപാട് സ്റ്റാഫ് ഉണ്ട്.’

‘അതുപോലെതന്നെ ലോണ്‍ ഒക്കെ എടുത്ത് കെട്ടിയ തീയേറ്റര്‍ ഉണ്ടാകാം. ഇങ്ങനെയുള്ള സിനിമകള്‍ക്ക് ഒരാശ്വാസമാണ് ഒടിടി. നാലര വര്‍ഷം മുന്‍പ് ഞാന്‍ എടുത്തുവച്ച ഒരു സിനിമയുണ്ട്. ആ സിനിമ അടുത്തകാലത്ത് ഒടിടി റിലീസ് ആയിരുന്നു. ആള്‍ക്കാര്‍ ഒടിടിയില്‍ ആ സിനിമ കാണുന്നുണ്ട്. അത്തരം സിനിമകള്‍ക്ക് ഒരു ആശ്വാസമാണ് ഒടിടി പ്ലാറ്റ്‌ഫോം.’ രാജസേനന്‍ പറഞ്ഞു.