News

വിവാഹവാഗ്‌ദാനം നൽകി 17-കാരിയെ ട്രെയിനിൽ കടത്തിക്കൊണ്ടുപോയി; യുവതിയടക്കം മൂന്നുപേർ പിടിയിൽ

തിരുവനന്തപുരം: വിവാഹ വാഗ്‌ദാനം നൽകി 17കാരിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ. ചേരമാൻ തുരുത്ത് സ്വദേശി തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്‌സൽ (19), സുൽഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. പെരുമാതുറയിൽ നിന്ന് പെൺകുട്ടിയെ തിരൂരിലേക്ക് ട്രെയിനിൽ കൊണ്ടുപോവുകയായിരുന്നു.

പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയതോടെ പോക്സോ വകുപ്പും ചുമത്തി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരുമാതുറ സ്വദേശിയായ 17-കാരിയെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ കഠിനംകുളം പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവര്‍സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതായി വ്യക്തമാക്കി. പെരുമാതുറയില്‍നിന്ന് ചിറയിന്‍കീഴില്‍ എത്തിച്ച പെണ്‍കുട്ടിയെ ഇവിടെനിന്ന് ട്രെയിനില്‍ തിരൂരിലേക്കാണ് കൊണ്ടുപോയത്.

ഇവര്‍ ട്രെയിനില്‍ തിരൂരില്‍ എത്തിയെന്ന് മനസ്സിലാക്കിയ കഠിനംകുളം പോലീസ് തിരൂര്‍ പോലീസിന്റെ സഹായത്തോടെ തിരച്ചില്‍ ആരംഭിച്ചു. പോലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ സംഘം കുട്ടിയുമായി മറ്റൊരു ട്രെയിനില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഠിനംകുളം പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതോടെയാണ് മുന്‍പ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ തട്ടിക്കൊണ്ടുപോകലിന് പുറമേ പോക്‌സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.