Environment

ലോകത്തിലെ ഏറ്റവും അപകടകാരി; മലയാളികളുടെ ‘തീവിഴുങ്ങി’ പക്ഷി; അറിയാം കാസോവെരിയെ! | worlds-most-dangerous-bird-cassowary

ന്യൂ ഗിനി, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ കാണപ്പെടുന്ന കാസോവെരി എണ്ണത്തില്‍ 4000 മാത്രമാണ് ഇന്നുള്ളത്

ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷി, ഏകാകിയായ പക്ഷി, മുട്ടയിട്ട് ആണ്‍പക്ഷിയെ ഏല്‍പ്പിച്ച് കറങ്ങി നടക്കുന്ന പക്ഷി, ഒരു പരിധിക്കപ്പുറം അടുത്തെത്തിയാല്‍ മനുഷ്യനായാലും മൃഗമായാലും ഓടിച്ചിട്ട് ആക്രമിക്കുന്ന പക്ഷി. കുപ്രസിദ്ധികള്‍ നിരവധിയാണ് കാസോവെരി പക്ഷികൾക്ക്. എങ്കിലും എന്തുവിലകൊടുത്തും ഈ പക്ഷിയെ സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഉള്‍വനങ്ങളില്‍ വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷികള്‍ ഓസ്‌ട്രേലിയയിലെ മഴക്കാടുകളില്‍ മാത്രം കാണപ്പെടുന്ന വൃക്ഷങ്ങളുടെ പഴങ്ങളുടെ വിത്ത് വാഹകരില്‍ പ്രധാനികളാണ് എന്നതുതന്നെ കാരണം. ന്യൂ ഗിനി, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളില്‍ കാണപ്പെടുന്ന കാസോവെരി എണ്ണത്തില്‍ 4000 മാത്രമാണ് ഇന്നുള്ളത്.

ഓസ്ട്രേലിയന്‍ മഴക്കാടുകളില്‍ അത്യപൂര്‍വ്വമായി കാണപ്പെടുന്ന റൈപ്പറോസ എന്ന മരത്തിന്റെ വ്യാപനത്തിന് സഹായിക്കുന്നത് കാസോവെരികളാണ് എന്നാണ് കരുതപ്പെടുന്നത്. ആവാസവ്യവസ്ഥയുടെ നിലനില്‍പില്‍ സുപ്രധാന പങ്കുവഹിക്കുകയും വംശനാശത്തിലേക്ക് അടുക്കുകയും ചെയ്യുന്ന കാസോവെരികളെ വളര്‍ത്തുന്നതിന് പ്രത്യേകം ലൈസന്‍സ് വരെ ആവശ്യമാണ്. അലങ്കാരത്തിനായി മാത്രമാണ് ഈ പക്ഷികളെ ആളുകള്‍ വീട്ടില്‍ വളര്‍ത്താറ്. ഇതിന്റെ മുട്ടയോ ഇറച്ചിയോ ആഹാരത്തിനായി ഉപയോഗിക്കാറില്ല. ആറടിയോളം നീളവും 60 കിലോ വരെ ഭാരവും വെയ്ക്കാറുണ്ട് ഈ പക്ഷികള്‍ക്ക്.

സതേണ്‍ കാസോവെരി, ഡ്വാര്‍ഫ് കാസോവെരി, നോര്‍തേണ്‍ കാസോവെരി എന്നിങ്ങനെ പ്രധാനമായും മൂന്നുതരം കാസേവെരി പക്ഷികളാണുള്ളത്. കൂട്ടത്തില്‍ ഭീമന്മാര്‍ സതേണ്‍ കാസോവെരിയാണ്. സതേണ്‍ കാസോവെരിക്ക് അഞ്ചടിയിലധികം വരെ ഉയരമുണ്ടാകും. ന്യൂ ഗിനിയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ തന്നെയാണ് കുള്ളന്മാരായ കാസോവെരി (ഡ്വാര്‍ഫ് കാസോവെരി) പക്ഷികളെയും കാണാന്‍ കഴിയുന്നത്. കാണാന്‍ എമുപക്ഷികള്‍ക്ക് സമാനമാണ് കാസോവെരി പക്ഷികളും. കാസുവാരിയസ് ജനുസ്സില്‍ പെടുന്ന ഇവയെ മഴക്കാടുകളിലാണ് അധികവും കാണാന്‍ കഴിയുക. കട്ടിയേറിയ തൂവലുകളാണ് മഴക്കാടുകളില്‍ ഇവയ്ക്ക് സംരക്ഷണമേകുന്നത്.

ഒട്ടകപ്പക്ഷികളെയും എമുവിനെയും പോലെ പറക്കാന്‍ കഴിവില്ലാത്ത പക്ഷികളാണ് കാസോവെരികളും. അതേസമയം, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടാന്‍ കഴിയും. കരുത്തേറിയ കാലുകളാണ് വേഗത്തിലോടാന്‍ ഇവയ്ക്ക് സഹായകമാകുന്നത്. കാലുകളില്‍ കഠാര പോലെ മൂര്‍ച്ചയേറിയ നഖങ്ങളുമുണ്ട്. ഇരുകാലുകളിലുമായി മൂന്നുവീതം വിരലുകളും അവയില്‍ നീണ്ടുകൂര്‍ത്ത നഖങ്ങളുമുണ്ട്. മറ്റ് രണ്ടുവിരലുകളെയും അപേക്ഷിച്ച് നടുവിലത്തെ വിരലിന് നീളം കൂടുതലുണ്ട്. ഇവ ഉപയോഗിച്ച് എതിരാളിയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുണ്ടാക്കാനും ഇവയ്ക്കാവും. കരുത്തുറ്റ കാലുകളായതിനാല്‍ ഏഴടിയോളം ഉയരത്തില്‍ ചാടുവാനും കാസോവെരി പക്ഷികള്‍ക്ക് സാധിക്കും. ആഴമേറിയ ജലാശയങ്ങളില്‍ നീന്തുവാനുള്ള കഴിവും ഈ പക്ഷി വിഭാഗക്കാര്‍ക്കുണ്ട്.

തലയ്ക്ക് മുകളിലായി ഹെല്‍മറ്റ് പോലെയുള്ള കവചം ഇവയുടെ പ്രത്യേകതയാണ്. രണ്ടാ മൂന്നോ വയസ്സ് പ്രായമുള്ളപ്പോഴാണ് തലയില്‍ ഹെല്‍മറ്റ് പോലെയുള്ള ഈ കവചം കാസോവെരികളില്‍ രൂപപ്പെടുക. ആണ്‍പക്ഷികളെക്കാള്‍ വലിപ്പക്കൂടുതല്‍ പെണ്‍പക്ഷികള്‍ക്കാണ്. ആണ്‍പക്ഷികളെ അപേക്ഷിച്ച് തിളക്കവും കടുത്തനിറവുമുള്ള തൂവലുകളാണ് പെണ്‍പക്ഷികള്‍ക്കുള്ളത്. സതേണ്‍ കാസോവെരികളും കുള്ളന്‍ കാസോവെരികളും ‘ബൂം’ എന്ന പേരിലറിയപ്പെടുന്ന ലോ ഫ്രീക്വന്‍സി ശബ്ദങ്ങളിലൂടെയാണ് മഴക്കാടുകളില്‍ പരസ്പരം ആശയവിനിമയം നടത്തുക. ഡച്ച് കച്ചവടക്കാരാണ് 1597ൽ ആദ്യമായി കാസോവെരി പക്ഷിയെ ന്യൂ ഗിനിയയില്‍ എത്തിച്ചതെന്ന് കരുതപ്പെടുന്നു.

പ്രകോപനമുണ്ടായാല്‍ കാസേവെരിയെ പോലെ അപകടകാരിയായ പക്ഷി മറ്റൊന്നുണ്ടാവില്ല. പഴങ്ങളും മറ്റു ചെറുമൃഗങ്ങളുമാണ് കാസോവെരി പക്ഷികളുടെ പ്രധാന ഭക്ഷണം. പഴങ്ങള്‍ മുഴുവനായി വിഴുങ്ങുന്ന സ്വാഭവമുള്ള കാസോവെരികള്‍ക്ക് അതിന്റെ കുരു നശിക്കാതെ ആഴ്ചകളോളം ആമാശയത്തില്‍ സൂക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. ഉള്‍വനങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷികള്‍ പോകുന്ന വഴികളിലെല്ലാം പഴവിത്തുകള്‍ വിസര്‍ജിക്കുകയും ചെയ്യുന്നു. സതേണ്‍, ഡ്വാര്‍ഫ്, നോര്‍തേണ്‍ കാസോവെരി എന്നീ വിഭാഗങ്ങളില്‍ വംശനാശഭീഷണി നേരിടുന്നത് നോര്‍തേണ്‍ കാസോവെരികളാണ്. ഏകാന്തവാസികളാണ് പലപ്പോഴും കാസോവെരി പക്ഷികള്‍.കാടിനുള്ളില്‍ രണ്ട് ആണ്‍ കാസോവെരികള്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ഒരാള്‍ പ്രദേശം വിടുന്നത് വരെ ഇരുപക്ഷികളും മുഴക്കമുള്ള ശബ്ദം ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് കാസോവെരി പക്ഷികളുടെ പ്രജനന കാലയളവ്. കരയില്‍ തന്നെ കൂടൊരുക്കിയാണ് മുട്ടയിടുന്നത്. ഇലകളും മറ്റും കൊണ്ടാണ് കൂടൊരുക്കുക. പെണ്‍പക്ഷി മൂന്ന് മുതല്‍ അഞ്ചുവരെ മുട്ടകളിടും. മുട്ടകള്‍ക്ക് പച്ച നിറമാണ്. കോഴിമുട്ടയെ അപേക്ഷിച്ച് പത്തുമടങ്ങ് ഭാരമുണ്ടാകും ഈ മുട്ടകള്‍ക്കുണ്ട്. 500 മുതല്‍ 600 ഗ്രാം വരെയാണ് മുട്ടകള്‍ക്ക് ഭാരം. മുട്ടയിട്ട ശേഷം ആണ്‍പക്ഷിയെ മുട്ടയേല്‍പ്പിച്ച് പെണ്‍പക്ഷികള്‍ യാത്രയാകും.

മുട്ട ഉപേക്ഷിച്ച് പോകുന്ന പെണ്‍പക്ഷികള്‍ മറ്റ് ആണ്‍പക്ഷികളുമായി ഇണചേരാനുള്ള സാധ്യതയുമുണ്ട്. ആണ്‍പക്ഷികളും വ്യത്യസ്തരല്ല, മറ്റ് ഇണകളെ തേടി ഇവയും പോകാറുണ്ട്. 60 ദിവസത്തോളമാണ് അടയിരിക്കല്‍ കാലയളവ്. ഇക്കാലമത്രയും ആണ്‍പക്ഷിയാകും മുട്ടകള്‍ സംരക്ഷിക്കുക. മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളുടെ ദേഹത്ത് വരകള്‍ കാണാം. എന്നാല്‍ ആദ്യ വര്‍ഷം തന്നെ ഇത് മായുകയും ദേഹം തവിട്ടു നിറത്തിലാവുകയും ചെയ്യും. മഴക്കാടുകളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും ആഹാരം തേടി മറ്റ് പ്രദേശങ്ങളിലേക്കും യാത്ര ചെയ്യാറുണ്ട് ഈ പക്ഷികള്‍. അടിക്കടി വെള്ളം കുടിക്കുന്ന ശീലമുള്ളതിനാല്‍ അതിനനുയോജ്യമായ പ്രദേശത്തായിരിക്കും ഇവ തങ്ങുക.ആവാസവ്യവസ്ഥയുടെ നാശമാണ് കാസോവെരി പക്ഷികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതുകൂടാതെ വാഹനമിടിച്ചും നായകളും മറ്റും ആക്രമിച്ചും കാസോവെരികള്‍ വലിയ തോതില്‍ കൊല്ലപ്പെടുന്നുണ്ട്. കാടുകളില്‍ കാസോവെരികള്‍ ഒരുക്കുന്ന കൂടും മുട്ടയും പന്നികള്‍ നശിപ്പിക്കുന്നതായും കണ്ടുവരാറുണ്ട്. ഓസ്ട്രേലിയയില്‍ ഒരു 16 വയസ്സുകാരന് നേരെ മാത്രമാണ് കാസോവെരി ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ന്യൂ ഗിനിയയിലാവട്ടെ ആക്രമണങ്ങള്‍ സര്‍വസാധാരണവും. വനപ്രദേശങ്ങളില്‍ ഇവയുടെ ആയുസ്സ് ഇനിയും കണക്കാക്കപ്പെട്ടിട്ടില്ല. പക്ഷി സങ്കേതങ്ങളിലോ മൃഗശാലകളിലോ സംരക്ഷിക്കപ്പെടുന്ന കാസോവെരി പക്ഷികള്‍ക്ക് 60 വര്‍ഷം വരെ ആയുസ്സുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.

STORY HIGHLLIGHTS:  worlds-most-dangerous-bird-cassowary