Celebrities

’25 ലക്ഷം രൂപ ദിലീപില്‍ നിന്നും മേടിച്ചു തരൂ, ഞാന്‍ ദിലീപിനെ പുഷ്പം പോലെ ഇറക്കാം എന്ന് അയാള്‍ പറഞ്ഞു’: മഹേഷ്

മലയാളത്തിലെ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത നടനാണ് മഹേഷ്. പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ഒരു നടന്‍ കൂടിയാണ് അദ്ദേഹം. ഇപ്പോള്‍ ഇതാ നടന്‍ ദിലീപിനെതിരെയുളള ആരോപണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. ദിലീപിന്റെ കേസ് വ്യക്തമായി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് മനുഷ്യത്വം മാത്രമാണ്. ആ മനുഷ്യനുമായിട്ട് എനിക്കിപ്പോഴും വലിയ അടുപ്പം ഒന്നുമില്ല. അദ്ദേഹത്തിന്റെ ഒരു സിനിമകളിലും ഞാന്‍ അഭിനയിച്ചിട്ടില്ല. ഇത്രയേ ഉള്ളൂ. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ടു വലിയ വട വൃക്ഷത്തിന്റെ തണലില്‍ ആയിട്ടും ഈ വൃക്ഷം നല്ല രീതിയില്‍ ഉയര്‍ന്നുപൊങ്ങി വന്നു. അത് അദ്ദേഹത്തിന്റെ അധ്വാനമാണ്. അദ്ദേഹം മണ്ടനല്ല. അദ്ദേഹം ഒരു നായകന്‍ എന്നതിലുപരി ഒരു നല്ല ബിസിനസ്മാന്‍ കൂടിയാണ്. സ്വന്തം സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യണം, എങ്ങനെ ജനങ്ങളിലോട്ട് എത്തിക്കണം എന്ന് അദ്ദേഹത്തിന് നല്ല പോലെ അറിയാം. സിനിമയ്ക്ക് മാര്‍ക്കറ്റിംഗ് വലിയ അത്യാവശ്യം ഉള്ള ഒന്നാണ്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ 50% മാത്രമേ ആകുന്നുള്ളൂ. ബാക്കി 50 ശതമാനം മാര്‍ക്കറ്റിങ്ങില്‍ തന്നെയാണ്. ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറണം.’

‘അതിന് എന്തെല്ലാം ചെയ്യണം, ഏത് ടൈപ്പ് വേഷം ചെയ്യണം എന്തൊക്കെ അളന്നു കൊടുക്കണം ജനങ്ങള്‍ക്ക്. അവര്‍ ചിരിക്കണം. അവര്‍ക്ക് ഒരുപാട് പ്രശ്‌നങ്ങളുണ്ട്, അവര്‍ക്ക് ടെന്‍ഷന്‍ ഉണ്ട്, അവര്‍ക്ക് ചിരി അളന്ന് കൊടുക്കണം. മോശമാകാതെ കൊടുക്കുക എന്ന് പറയുന്നതാണ് ദിലീപ് ചെയ്യുന്നത്. അതുകൊണ്ടാണ് ദിലീപിന്റെ സക്‌സസ് റേറ്റ് വലിയ ഹൈയായി നില്‍ക്കുന്നത്. ഒരു സമയത്ത് ദിലീപിനുള്ള മിനിമം ഗ്യാരണ്ടി പലര്‍ക്കും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാള്‍ ഇത്ര ഒരു ഹീനമായ പ്രവര്‍ത്തി മുന്‍പ് ഇതേപോലെ ക്രൈം ചെയ്തിട്ടുള്ള ഒരാളെ ഏല്‍പ്പിക്കില്ല. പിന്നെ അയാള്‍ അത്ര മണ്ടന്‍ അല്ല എന്നുള്ള ചിന്തയാണ് എന്നെ ഈ കേസ് പഠിക്കാന്‍ തോന്നിച്ച കാര്യം. ഞാന്‍ ദിലീപിന്റെ കേസിനെ കുറിച്ച് ശരിക്കും പഠിച്ചു. നിയമത്തിനെപ്പറ്റിനെ പറ്റി ഒരു വക അറിയാത്ത ഞാന്‍ കൃത്യം കൃത്യം വകുപ്പുകള്‍ പറഞ്ഞ് വാദിച്ചത് പഠിച്ചിട്ട് തന്നെയാണ്.’

‘പഠിക്കാതെ പോയിട്ടില്ല. വിധി വരുന്നതിനു വേണ്ടി കോടതിയെ സഹായിക്കുക, സര്‍ക്കാരിന് വേണ്ടി നിലകൊള്ളുക എന്നതാണ് ഒരു പ്രോസിക്യൂട്ടറുടെ ധര്‍മ്മം. അല്ലാതെ തന്റെ കക്ഷിക്ക് വേണ്ടി വാദിക്കുന്ന ഒരു വക്കീല്‍ ആയിട്ട് പോകരുത്. ഏതാണ് സത്യം, ഏതാണ് നീതി എന്ന് കണ്ടുപിടിക്കാന്‍ കോടതിയെയും സര്‍ക്കാരിനെയും സഹായിക്കുക എന്നുള്ളതാണ് ഒരു പ്രോസിക്യൂട്ടറുടെ രീതി.

‘ഇവിടെ ഞാന്‍ പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ മുന്‍പ് ദിലീപിനെതിരെ സംസാരിക്കാന്‍ വന്നുകൊണ്ടിരുന്ന ഒരാള്‍ ഇപ്പോള്‍ ആ ജോലി ചെയ്യുന്നുണ്ട്. അദ്ദേഹം എന്റെ പ്രിയ സുഹൃത്തായ ശാന്തിവിള ദിനേശനോട് ഒരു ഡിബേറ്റ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, 25 ലക്ഷം രൂപ ദിലീപില്‍ നിന്നും മേടിച്ചു തരൂ ഞാന്‍ ദിലീപിനെ പുഷ്പം പോലെ ഇറക്കി തരാമെന്ന് പറഞ്ഞ ആളാണ്. അപ്പോള്‍ ആലോചിക്കണം അദ്ദേഹത്തിന് വരെ ബോധ്യമുണ്ട്.’

‘അദ്ദേഹം ഇപ്പോള്‍ ഈ സര്‍ക്കാരിന് വേണ്ടി ഒരു പൊസിഷനില്‍ നിലകൊള്ളുന്നുണ്ട്. നമ്മള്‍ ആലോചിക്കേണ്ടത് ഇനി അഥവാ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി വിധിച്ചു എന്ന് വിചാരിക്കുക, നമുക്ക് അറിയില്ല, 20 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ പോയി കിടക്കേണ്ടത്, അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കിടക്കട്ടെ. കുഴപ്പമില്ല. ഇല്ലെങ്കില്‍ ഒരു മനുഷ്യനെ 20 വര്‍ഷം ജയിലില്‍ അടയ്ക്കുക എന്ന് പറഞ്ഞാല്‍.. അദ്ദേഹം രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ്. ഒരു ഭര്‍ത്താവാണ്. ജനകീയനായ നടനാണ്. ഒരുപാട് പേര്‍ക്ക് നന്മ ചെയ്യുന്നുണ്ട്. പലരും പലതും അറിയുന്നില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നമുക്ക് ഒന്നും പറയാന്‍ ഒക്കത്തില്ല.’ മഹേഷ് പറഞ്ഞു.