Explainers

എന്താണ് ദീപാവലി, ഐതീഹ്യം അറിയാമോ ?: തിന്മയുടെ കൂരിരുട്ടകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലിയുമായി വേദോപനിഷത്തുക്കളിലെ പരാമര്‍ശങ്ങള്‍ ഇവയാണ് ?

കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി ദിവസം വരുന്ന ദീപാവലി ഭാരതയര്‍ കൊണ്ടാടുന്ന മഹോത്സവമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ദീപങ്ങളുടെ നിരയാണ് (ആവലി) ദീപാവലി. സംസ്‌ക്കാരത്തിന്റെ സംരക്ഷണവും പോഷണവുമാണല്ലോ ആഘോഷങ്ങളുടെ മുഖ്യധര്‍മ്മമായി കരുതപ്പെടുന്നത്. വിജ്ഞാനവും വിനോദവും നല്‍കുന്ന ആചാരാനുഷ്ഠാനങ്ങളോടു കൂടിയ ഉത്സവങ്ങള്‍ നിരക്ഷരനു പോലും വിജ്ഞാനം പകര്‍ന്നു കൊടുക്കുന്ന അനൗപചാരിക വിദ്യാഭ്യാസ പ്രക്രിയ കൂടിയാണെന്നാണ് വിശ്വാസവും.

പൈതൃകത്തിലെ നന്മകള്‍ പാരമ്പര്യമായി പകര്‍ന്നു നല്‍കാന്‍ പരിഷ്‌കൃത മനുഷ്യന്‍ കണ്ടെത്തിയ ശരിയായ വിദ്യാവിവരണമായിരുന്നു ഇതിലൂടെ നിര്‍വഹിച്ചിരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഭാരതിയ ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍, സങ്കല്‍പ്പങ്ങള്‍, കലാപരിപാടികള്‍ എന്നിവ ജനങ്ങളെ ഒരു പോലെ സ്വാധീനിക്കുകയും, പൈതൃക വിദ്യാസമ്പന്നരുമാക്കുന്നുവെന്ന് കാണാം. കുടിലു മുതല്‍ കൊട്ടാരം വരെയും പാമരനും പണ്ഡിതനുമെന്ന വ്യത്യാസമില്ലാതെ ഒരുപോലെ നെഞ്ചിലേറ്റിയവയാണ് എല്ലാ ദേശീയ ഉല്‍സവങ്ങളും.

വിശ്വാസം ഒന്നായിരിക്കുകയും എന്നാല്‍, ആചാരാനുഷ്ടാനങ്ങളില്‍ വ്യത്യാസങ്ങള്‍ ഓരോ പ്രദേശത്തും കണ്ടെന്നിരിക്കാം. അതുപോലെ ഭാരതീയമായ ഉത്സവത്തിന്റെ പ്രത്യേകതകളില്‍ ഒന്ന് അവയ്ക്ക് ഇതിഹാസ-പുരാണങ്ങളുമായോ മഹാപുരുഷന്മാരുടെ ജീവിതവുമായോ ബന്ധമുണ്ടായിരിക്കും എന്നതാണ്. വേദോപനിഷത്തുക്കളുടെ വിസ്തൃതമായ വ്യാഖ്യാനത്തിന് വേണ്ടിയാണല്ലോ ഇതിഹാസ പുരാണങ്ങള്‍ ഉണ്ടായതു തന്നെ. അങ്ങനെയെങ്കില്‍ ദീപാവലിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഇത്തരം പരാമര്‍ശങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കേണ്ടതുണ്ട്. അവ ഇതാണ്.

  • ശ്രീകൃഷ്ണന്‍ സത്യഭാമാസമേതനായി ഗരുഡാരൂഢനായി പ്രാഗ്ജ്യോതിഷമെന്ന നഗരത്തില്‍ ചെന്ന് ത്രിഭുവനങ്ങളെയും വിറപ്പിച്ചുകൊണ്ടിരുന്ന നരകാസുരനെ വധിച്ച് തടവറയിലുണ്ടായിരുന്ന പതിനാറായിരം കന്യകമാരെ മോചിപ്പിച്ച ദിനമാണിത്. താരകാസുരനുമായി ബന്ധപ്പെട്ട ചതുര്‍ദശി എന്നര്‍ത്ഥത്തില്‍ നരകചതുര്‍ദശി എന്ന പ്രയോഗം ഇതുമായി ബന്ധപ്പെട്ടു പറയുന്നുണ്ട്. അസുര വധത്തിനുശേഷം ഭഗവാന്‍ എണ്ണതേച്ചു കുളിച്ചതിന്റെ ഓര്‍മ്മയ്ക്കാണ് അന്നേദിവസം എണ്ണ തേയ്ക്കുന്നത്. ഈ കുളി അതിരുകടന്നതു കൊണ്ടാവാം ‘ദീവാളി കുളിക്കുക’ എന്ന പ്രയോഗം വന്നതുപോലും.
  • രാവണവധാനന്തരം ശ്രീരാമചന്ദ്രന്‍ ശ്രീലങ്കയില്‍ നിന്നും അയോധ്യയിലെത്തിയ ദിനം. സന്തുഷ്ടരായ ജനങ്ങള്‍ ശ്രീരാമചന്ദ്രനെ വരവേല്‍ക്കുന്നതിനായി എല്ലായിടവും അലങ്കാരങ്ങളാല്‍ മനോഹരമാക്കി. ദീപങ്ങള്‍ നിരനിരയായി കൊളുത്തിവച്ച് മധുരപലഹാരങ്ങള്‍ പങ്കുവച്ചും പടക്കംപൊട്ടിച്ചും തങ്ങളുടെ സ്നേഹാദരങ്ങള്‍ പ്രകടമാക്കിയ ദിനമാണ് ദീപാവലിയെന്നും പരാമര്‍ശം.
  • പാലാഴിമഥന സമയത്ത് ക്ഷീരസാഗരത്തില്‍ നിന്ന് അമൃതകുംഭവുമായി ഐശ്വര്യ ദേവതയായ ലക്ഷ്മീദേവി പ്രത്യക്ഷപ്പെട്ടത് അമാവാസി ദിവസമാണ്. ഇക്കാരണത്താല്‍ ദാരിദ്ര്യത്തിന്റെ പ്രതീകമായ അലക്ഷ്മിയെ (ചേട്ടാഭഗവതിയെ) പുറത്താക്കുന്നതിന്റെ ഭാഗമായി വീടും പരിസരവും വൃത്തിയാക്കി, അഭ്യംഗസ്നാനം ചെയ്ത് വ്രതശുദ്ധിയോടെ മഹാവിഷ്ണു, മഹാലക്ഷ്മി, മഹാഗണപതി എന്നിവരെ പൂജ ചെയ്ത് അസ്ഥിരയായ ലക്ഷ്മിയെ സ്ഥിരമായി കുടിയിരുത്തിയതിന്റെ സന്തോഷം പുതുവസ്ത്രമണിഞ്ഞും മധുരപലഹാരം വിതരണം ചെയ്തും പങ്കുവയ്ക്കുന്നു.
  • മഹാബലിയെ വാമനാവതാരത്തിലെത്തിയ മഹാവിഷ്ണു സുതലത്തില്‍ ഇന്ദ്രനായി വാഴിച്ചത് ഈ ദിനത്തിലാണെന്നും അതിന്റെ സന്തോഷ സൂചകമായി ഇന്ദ്രന്‍ ദീപാവലി ആഘോഷിച്ചിരുന്നു.
  • പാര്‍വതീദേവിയുടെ അനുഗ്രഹത്താല്‍ മഹാവിഷ്ണുവിന് സകലകാര്യസിദ്ധിയും സുബ്രഹ്‌മണ്യന് വിഷയവാസനാ മുക്തിയും ഗണേശന്‍ സര്‍വ്വപ്രഥമമായ പൂജ ലഭിക്കാനുള്ള വരവും ലഭിച്ചത് ഈ പുണ്യദിനത്തിലാണ്.
  • ദക്ഷിണായനത്തിലെ ഈ അമാവാസി ദിവസം പിതൃലോകത്തുനിന്നും പിതൃക്കള്‍ ഭൂമിയിലെ തങ്ങളുടെ ബന്ധുജനങ്ങളെ കാണാനും അനുഗ്രഹിക്കാനും വരുന്ന ദിവസം. അവരെ എതിരേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങളുമാണ് ഓരോ ആചാരവും. ദീപങ്ങള്‍ നിരനിരയായി കൊളുത്തിവച്ച് ദീപം മുകളിലേക്ക് കാട്ടി പിതൃക്കളെ ആനയിക്കുന്നു. തുടര്‍ന്ന് സ്ഥൂലശരീരം ഉപേക്ഷിച്ച പിതൃഗണങ്ങള്‍ക്ക് ബലികര്‍മം ചെയ്യുന്നു. പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ തര്‍പ്പണവും ശ്രാദ്ധവും ഇതിന്റെ ഭാഗമായി ചെയ്താല്‍ ദീര്‍ഘായുസും ആരോഗ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് ഗരുഡപുരാണം പറയുന്നത്. അങ്ങനെ പഞ്ചമഹായജ്ഞങ്ങളിലൊന്നായ പിതൃയജ്ഞം ദീപാവലിയുടെ ഭാഗമായാചരിക്കുന്നു.
  • ശ്രീകൃഷ്ണന്‍ ഗോവര്‍ദ്ധന പര്‍വ്വതത്തെ കുടയാക്കി ഉയര്‍ത്തി, ഇന്ദ്രകോപം കൊണ്ട് പ്രളയക്കെടുതിയിലായ ഗോകുല വാസികളേയും പക്ഷിമൃഗാദികളേയും രക്ഷിച്ചു. ഇതിന്റെ ഓര്‍മയ്ക്കായി ഗോവര്‍ദ്ധന പൂജയും പതിവുണ്ട്. പ്രകൃതിപൂജ തന്നെയാണ് ഗോവര്‍ദ്ധന പൂജ. ശുക്ലപക്ഷ പ്രതിപദത്തിലാണിത് നടത്തുന്നത്.
  • ഭ്രാതൃദ്വിതീയ എന്ന പേരില്‍ ശുക്ലപക്ഷ ദ്വിതീയയുമായി ബന്ധപ്പെട്ട ഒന്നാണ് യമ-യമീ സൗഹൃദ സംഗമം. ദീര്‍ഘകാലം പിരിഞ്ഞു കഴിഞ്ഞതിനുശേഷം ഗോകുലത്തില്‍ വച്ച് യമന്‍ തന്റെ സഹോദരിയായ യമിയെ കണ്ടുമുട്ടുന്നുണ്ട്. സന്തുഷ്ടയായ സഹോദരി സഹോദരനോട് കാണിച്ച സ്നേഹപ്രകടനവും ആതിഥ്യവും ഓര്‍മപ്പെടുത്തുന്ന രീതിയില്‍ സഹോദരീ ദിനമായും ആചരിച്ചുവരുന്നു. ഇപ്രകാരം ആചരിച്ചാല്‍ യമധര്‍മ്മന്റെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം.
  • ഭദ്രകാളി ദാരികനെ വധിച്ചതുമായ സംഭവമാണ് മറ്റൊന്ന്. ആയതിനാല്‍ ഭദ്രകാളീ സങ്കല്‍പ്പത്തിലുള്ള പൂജ വിശേഷമാണ്. കേരളത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇത്തരം വിശ്വാസമുണ്ട്. കേരളത്തിലെ നാടോടി വാങ്മയ പാരമ്പര്യത്തിലും അനുഷ്ഠാന കലാരൂപങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു സങ്കല്‍പ്പമാണ് കാളീ-ദാരിക പുരാവൃത്തം.
  • പാലക്കാട് ജില്ലയില്‍ പ്രസിദ്ധമായ തോല്‍പ്പാവക്കൂത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം പറയുന്നത് ഭദ്രകാളി ദാരികനുമായി യുദ്ധം ചെയ്തിരുന്നതിനാല്‍ രാമരാവണ യുദ്ധം കാണാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ യുദ്ധത്തിന്റെ പകര്‍ന്നാട്ടത്തിലൂടെ അത് നേരില്‍ ദേവിക്ക് കാണുന്നതിനാലാണ് ദേവീക്ഷേത്രങ്ങളില്‍ തോല്‍പ്പാവക്കൂത്ത് നടത്തുന്നതെന്നുമാണ്.
  • വിക്രമാദിത്യന്റെ രാജ്യാഭിഷേകം നടത്തിയ ദിനമായതിനാല്‍ പിന്നീട് വിക്രമസംവത്സരത്തിന്റെ തുടക്ക ദിവസമായി ദീപാവലിയെ കണക്കാക്കിവരുന്നു.
  • ജൈനമതത്തിലെ ആദരണീയമായ തീര്‍ത്ഥങ്കരന്‍ മഹാവീരന്റെ നിര്‍വാണ പുണ്യദിനം ഇതേ ദിവസമാകയാല്‍ ജൈനമതവിശ്വാസികള്‍ക്കിത് വിശേഷമാണ്. നിര്‍വാണസ്ഥലമായ പാവാപുരിയില്‍ അന്നേദിവസം ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇന്നും നടത്തിവരുന്നു.
  • കേരളത്തില്‍ പല സ്ഥലങ്ങളിലും ധന്വന്തരീപൂജയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികള്‍ നടത്താറുണ്ട്. പാലാഴിമഥനം നടക്കുന്ന സമയത്ത് ഒരു കൈയില്‍ കമണ്ഡലുവും മറുകൈയില്‍ ദണ്ഡുമായി ധന്വന്തരീമൂര്‍ത്തി പ്രത്യക്ഷപ്പെട്ട ദിനമാണെന്നതാണിതിനു പിന്നിലെ വിശ്വാസം.

ഇങ്ങനെ ഒട്ടേറെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും കോര്‍ത്തിണക്കി എല്ലാ ആചാരങ്ങള്‍ക്കും, അനുഷ്ഠാനങ്ങളുംഅടങ്ങുന്ന ഒരു വര്‍ത്തില്‍ ഒരിക്കല്‍ ഭാരതീയര്‍ ദീപാവലി ആഘോഷിക്കുന്നു. ഹിന്ദു ജൈന-സിഖ് മതാവലംബികളായവരുടെ പുണ്യദിനമാണ്. ചിലയിടങ്ങളിലെങ്കില്‍ അഞ്ച് ദിവസം വരെ ചില (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍) ആഘോഷിക്കുന്നവരുമുണ്ട്. ധനത്രയോദശി (ധന്‍തേരസ്) നരക-ചതുര്‍ദശി, ലക്ഷ്മി പൂജ, ഗാവര്‍ദ്ധന്‍ പൂജ, ഭായ് ദൂജ് എന്നിങ്ങനെയാണ് അഞ്ചുദിവസങ്ങളുടെ പ്രത്യേകത.

ദീപാവലിയുടെ അഞ്ച് ദിവസങ്ങള്‍ എന്തൊക്കെയാണ്?

  • ധന്തേരാസ്: ഈ ദിവസം ധന്വന്തരുഹിന് സമര്‍പ്പിച്ചിരിക്കുന്നു. ദീപാവലിയുടെ ആദ്യ ദിവസം , ആളുകള്‍ സ്വര്‍ണ്ണം, വെള്ളി, ആഭരണങ്ങള്‍ അല്ലെങ്കില്‍ പുതിയ വസ്ത്രങ്ങള്‍ പോലും വാങ്ങുന്നതോടെ ദീപങ്ങളുടെ ഉത്സവം ആരംഭിക്കുന്നു.
  • നരക-ചതുര്‍ദശി: ദീപാവലിയുടെ രണ്ടാം ദിവസം കൃഷ്ണനുള്ളതാണ്, ഹിന്ദു നാടോടിക്കഥകളില്‍ അദ്ദേഹം നരകാസുരന്‍ എന്ന അസുരനെ എങ്ങനെ പരാജയപ്പെടുത്തി. ആളുകള്‍ പുണ്യസ്‌നാനം ചെയ്യുകയും പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും പ്രത്യേക മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത് പതിവാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്താനും പ്രത്യേക ദീപാവലി ഭക്ഷണങ്ങള്‍ വാങ്ങാനുമുള്ള മികച്ച ദിനം കൂടിയാണിത്.
  • ലക്ഷ്മി പൂജ: ദീപാവലിയുടെ മൂന്നാം ദിവസമാണ് ആഘോഷങ്ങള്‍ ശരിക്കും സജീവമാകുന്നത്! ലക്ഷ്മീ പൂജ, സമ്പത്തും ഭാഗ്യവുമായി ബന്ധപ്പെട്ട ഒരു ദേവതയായ ലക്ഷ്മിക്ക് സമര്‍പ്പിക്കുന്നു, കൂടാതെ രാത്രി എണ്ണമറ്റ ദിയകള്‍, മെഴുകുതിരികള്‍, വര്‍ണ്ണ വിളക്കുകള്‍, പടക്കങ്ങള്‍ എന്നിവയാല്‍ സജീവമാകും.
  • ഗോവര്‍ദ്ധന്‍ പൂജ: ദീപാവലി ആഘോഷങ്ങളുടെ നാലാം ദിവസത്തിനും അതിന്റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ബാലി എന്ന അസുരരാജാവിന്മേലുള്ള വിഷ്ണുവിന്റെ വിജയത്തിന്റെ പ്രതീകാത്മക ദിവസമായി ചിലര്‍ക്ക് അറിയാം, മറ്റ് സമുദായങ്ങള്‍ കൃഷ്ണദേവന് ഈ ദിവസം സമര്‍പ്പിക്കുന്നു. ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തില്‍ ഇത് ഒരു പുതുവര്‍ഷത്തിന്റെ തുടക്കമാണ്.
  • ഭായ് ദൂജ്: ആഘോഷങ്ങളുടെ അവസാന ദിവസം സഹോദരങ്ങളും സഹോദരിമാരും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമാണ്. ഈ ദിവസം, സഹോദരിമാര്‍ തങ്ങളുടെ സഹോദരങ്ങളെ ആഡംബര ഭക്ഷണത്തിനായി ക്ഷണിക്കുകയും ചിലപ്പോള്‍ സമ്മാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്.

ജ്ഞാനദീപം പ്രദീപ്തമാക്കുന്ന ഉത്സവദിവസമായ ദീപാവലി നാളില്‍ പ്രകാശമില്ലാത്ത ഒരിടവും ഉണ്ടാകരുതെന്നാണ് വിശ്വാസം. ഐശ്വര്യദേവതയായ മഹാലക്ഷ്മി എല്ലാ ഭവനങ്ങളിലും സന്ദര്‍ശിക്കുമെന്നും നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്ന ഭവനങ്ങളില്‍ ഭവാനി ആ വര്‍ഷം മുഴുവന്‍ അധിവസിച്ച് സമ്പത്തും ഐശ്വര്യവും നല്‍കുന്നുവെന്നാണ് ഐതിഹ്യം. ഭവാനിയാണല്ലോ ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തുന്നത്. വ്യാപാരികള്‍ കച്ചവടത്തിന്റെ അഭിവൃദ്ധിക്കായി കടകള്‍ അലങ്കരിച്ച് ദീപപ്രഭയാല്‍ രാത്രിയും തുറന്നുവയ്ക്കാറുള്ളത് ഇതുകൊണ്ടാണ്.

വ്യാപാരികളുടെ വര്‍ഷാരംഭവും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതും ഇതോടനുബന്ധിച്ചാണ്. ഇങ്ങനെ നോക്കിയാല്‍ മനുഷ്യ വ്യവഹാരത്തിന്റെ സമസ്ത മേഖലകളിലും പ്രതീക്ഷയുടെയും ഉത്സാഹത്തിന്റെയും ദീപപ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന ആഘോഷമായി ദീപാവലിയെ കണക്കാക്കാം. ഇത്തരത്തിലുള്ള ആഘോഷങ്ങളും ഉത്സവങ്ങളുമാണ് നമ്മുടെ നാടിന്റെ ധര്‍മ്മത്തെയും സംസ്‌കാരത്തെയും ആചാരവിചാരത്തെയും പരിരക്ഷിച്ചുപോന്നത്. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം.

CONTENT HIGHLIGHTS;What is Diwali, do you know the legend?: The festival that shines the light of good over the darkness of evil; These are the references in Vedopanishads to Diwali?

Latest News