Kerala

‘അവരുമായി താരതമ്യപ്പെടുത്തിയാല്‍ കുട്ടികള്‍ എത്രമാത്രം ഉയരെ നില്‍ക്കുന്നു, ഒരു സംഘടന സംഭാവന ചെയ്യാന്‍ പറ്റില്ലെന്ന് അറയിച്ചു’: മുഖ്യമന്ത്രി

കോഴിക്കോട്ട്:  മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലടക്കം സംഭാവന നല്‍കാനായി വലിയ രീതിയില്‍ മുന്നോട്ടുവന്നത് കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സംഘടന സംഭാവന ചെയ്യാന്‍ പറ്റില്ലെന്ന് അറയിച്ചെന്നും ഇത് ശരിയല്ലെന്ന് അവരോട് പറയേണ്ടതായി വന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏകപക്ഷീയമായിട്ടായിരുന്നില്ല സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ശമ്പളം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോട് ചര്‍ച്ച ചെയ്താണ് അഞ്ച് ദിവസത്തെ ശമ്പളമെന്ന് തീരുമാനിച്ചത്. ഒരു സംഘടന സംഭാവന ചെയ്യാന്‍ പറ്റില്ലെന്ന് അറയിച്ചു. ഇത് ശരിയല്ലെന്ന് അവരോട് പറയേണ്ടതായി വന്നു. ഇവരുടെ മനോഭാവത്തെ കുട്ടികളുടേതുമായി താരതമ്യപ്പെടുത്തിയാല്‍, കുട്ടികള്‍ എത്രമാത്രം ഉയരെ നില്‍ക്കുന്നു, ഇവര്‍ എത്രമാത്രം താഴെ നില്‍ക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.’

‘സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും ഇങ്ങനെയാണെന്നല്ല പറയുന്നത്. വലിയ രീതിയിലാണ് കുട്ടികള്‍ മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിലടക്കം സംഭാവന നല്‍കാനായി മുന്നോട്ടുവന്നത്. നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തോല്‍പ്പിക്കാന്‍ പാടില്ല എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. എന്തുമാത്രം തെറ്റി ധാരണയാണത്. വായിക്കാനും എഴുതാനും ശേഷി വേണ്ടേ കുട്ടികള്‍ക്ക്. ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ എന്തിനാണ് എതിര്‍ക്കേണ്ടത്.’

‘നിലവാരമില്ലാത്ത കുട്ടിയായി വളര്‍ന്നാല്‍ കോളജിലും പ്രൊഫഷണല്‍ തലത്തിലും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാള്‍ പിറകില്‍ നില്‍ക്കേണ്ടവരാണോ നമ്മള്‍? ഓള്‍ പ്രൊമോഷന്‍ എന്ന നയം വന്നു. പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസായി പോവുകയാണ്. എല്ലാ കുട്ടികളും നിലവാരത്തോടെ പാസാവണം എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയില്ല.’ മുഖ്യമന്ത്രി പറഞ്ഞു.