ചേരുവകൾ
1. കാശ്മീരി ചില്ലി
2. ഉണക്കമുളക്
3. മല്ലി
4. ഉഴുന്ന്
5. കടലപ്പരിപ്പ്
6. ഉലുവ
7. ജീരകം
8. കറിവേപ്പില
9. കായം
തയ്യാറാക്കുന്ന വിധം
സാമ്പാറിന്റെ രുചി കൂട്ടാനായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒരു സാമ്പാർ പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സാമ്പാർ പൊടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ഒരു പിടി അളവിൽ കാശ്മീരി ചില്ലി, അതേ അളവിൽ എരുവുള്ള ഉണക്കമുളക്, അഞ്ച് ടേബിൾ സ്പൂൺ അളവിൽ മല്ലി, അതേ അളവിൽ ഉഴുന്ന്, കടലപ്പരിപ്പ്, ഒരു ടീസ്പൂൺ അളവിൽ ഉലുവ, ജീരകം, കറിവേപ്പില, കായം ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച മുളകിട്ട് നല്ലതുപോലെ വറുത്തെടുക്കുക. അത് മാറ്റിവെച്ച ശേഷം അതേ പാനിലേക്ക്, മല്ലിയും കടലപ്പരിപ്പും, ഉഴുന്നുമിട്ട് ഇളം ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതെടുത്ത് മാറ്റിയശേഷം ജീരകവും ഉലുവയും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. എടുത്തുവച്ച കറിവേപ്പില കൂടി പാനിൽ ഇട്ട് ചൂടാക്കിയ ശേഷം എടുത്തു മാറ്റുക. അവസാനമായി കായം കൂടി ഇതേ രീതിയിൽ വറുത്തെടുക്കണം. തയ്യാറാക്കി വച്ച ചേരുവകളുടെ ചൂട് മാറിയതിനു ശേഷമാണ് പൊടിച്ചെടുക്കേണ്ടത്. കൂടുതൽ അളവിൽ പൊടി ഉണ്ടാക്കുന്നുണ്ടെങ്കിൽ രണ്ട് തവണയായി പൊടിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതല്ലെങ്കിൽ തരികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എടുത്തുവച്ച ചേരുവകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടി രൂപത്തിൽ അടിച്ചെടുക്കുക. ശേഷം ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.