തിരുവനന്തപുരം: മാന്നാർ കടലിടുക്കിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസം മിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കു സാധ്യത. വളരെ കുറഞ്ഞ സമയത്ത് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്കു ശേഷം കിഴക്കൻ മേഖലയിൽ മിന്നലോടു കൂടിയ മഴ ലഭിക്കും. ഈ മാസം ലഭിക്കേണ്ട ശരാശരി മഴ 153.1 മില്ലിമീറ്റർ ആണെങ്കിലും ഇത്തവണ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, പകൽ താപനില വർധിക്കാനും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. 5 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്നു മീൻപിടിത്തത്തിനു വിലക്കേർപ്പെടുത്തി.