ചോറ് മലയാളികളുടെ പ്രധാന ഭക്ഷണം ആണ്. എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കില്‍ ഒരിതില്ലന്നു പറയും. എന്നും വയ്ക്കുന്ന ചോറില്‍ നിന്നും അല്പം വ്യത്യസ്തമായി ഒരു മീന്‍ ചോറ് വച്ചാലോ. രുചികരമായ മീൻ ചോറ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ബിരിയാണി അരി – ഒരു കപ്പ്
- ദശ കട്ടിയുള്ള മീന്‍ – അരക്കിലോ
- സവാള – വലുത് ഒരെണ്ണം
- തക്കാളി – വലുത് ഒരെണ്ണം
- പച്ചമുളക് – രണ്ടെണ്ണം
- വെളുത്തുള്ളി – നാല് അല്ലി അരിഞ്ഞത്
- ഇഞ്ചി – ഒരു കഷണം അരിഞ്ഞത്
- പെരുംജീരകം – കാല് ടിസ്പൂണ്‍
- മുളകുപൊടി – ഒരു ടിസ്പൂണ്‍
- കടുക് – അര ടിസ്പൂണ്‍
- കറിവേപ്പില – രണ്ടു തണ്ട്
- വെളിച്ചെണ്ണ – ആവശ്യത്തിനു
- ഉപ്പ് – ആവശ്യത്തിനു
വറുക്കാന്‍
- മഞ്ഞള്‍പൊടി – കാല് ടിസ്പൂണ്‍
- മുളക് പൊടി – ഒരു ടിസ്പൂണ്‍
- ഉപ്പു – പാകത്തിന്
- വെളിച്ചെണ്ണ – 5 ടിസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മീന്‍ കഴുകി വൃത്തിയാക്കി നുറുക്കി മഞ്ഞള്‍പൊടിയും, മുളക് പൊടിയും പാകത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വച്ചതിനു ശേഷം വറുത്തു എടുക്കുക. അതിനുശേഷം ഈ മീന്‍ കഷണങ്ങള്‍ ചെറിയ കഷണങ്ങള്‍ ആക്കി അടര്‍ത്തി എടുത്തു മാറ്റി വയ്ക്കുക.
അതിനുശേഷം അരി നന്നായി കഴുകിയെടുത്ത് ഉപ്പു ചേര്‍ത്ത് വേവിച്ചു എടുക്കണം..ഇനി ഒരു പാത്രം അടുപ്പത് വച്ച് മീന്‍ വറുത്ത ബാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുകും ജീരകവും പൊട്ടിക്കുക. ശേഷം കറിവേപ്പില ഇടുക. അതിനുശേഷം സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഒരല്പം ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. പച്ചമണം മാറിയാല്‍ ഇതില്‍ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ക്കാം. മുളക് പൊടി ചേര്‍ക്കാം. നന്നായി വഴറ്റി അതിലേയ്ക്ക് വറുത്തു വച്ച മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് ഇളക്കാം. നന്നായി യോജിപ്പിച്ച് ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഇറക്കി വയ്ക്കാം.