ദില്ലി രോഹിണി സിആർപിഎഫ് സ്കൂളിന് മുന്നിലുണ്ടായ സ്ഫോടനത്തിൽ ഭീകരബന്ധം കണ്ടെത്താനായില്ലെന്ന് ദില്ലി പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കേന്ദ്ര ഏജൻസികളും ഈ നിഗമനം ശരിവയ്ക്കുന്നു. രാവിലെ സ്ഥലത്ത് നടക്കാനിറങ്ങിയ ആൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി നേരത്തെ അവിടെയുണ്ടായിരുന്ന വ്യവസായ മാലിന്യത്തിൽ വീണതാകാം സ്ഫോടനത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ പത്ത് പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു, കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും ഫോറൻസിക് പരിശോധന ഫലം കൂടി ലഭിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേരത്തെ ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 20 ന് ഞായറാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.