ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം.
കളരികളുടെ ഉത്ഭവവും പരശുരാമ ഐതിഹ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കേരളോല്പത്തി യിൽ പറയുന്നത് കടലിൽ നിന്ന് കേരളം ഉയർത്തിയെടുത്ത പരശുരാമൻ തന്നെ 1008 കളരികളും സ്ഥാപിച്ചു ശത്രു സംഹാരത്തിനായി 42 കളരികൾ സ്ഥാപിച്ച്, 21 ശിഷ്യന്മാരെ പരിശീലിപ്പിച്ച് കളരിപ്പയറ്റിനു തുടക്കമിട്ടു എന്നാണ് പറയുന്നത്.
യൂറോപ്യൻമാരുടെ ആഗമനത്തിനു ശേഷം അവരുടെ തോക്കുകൾക്കും പീരങ്കികൾക്കും മുന്നിൽ അടിപതറിപ്പോയതാണ് നമ്മുടെ കളരികൾ. അതുവരേയ്ക്കും ആൺ പെൺ വ്യത്യാസമില്ലാതെയും ജാതിഭേദമില്ലാതെയും എല്ലാവർക്കും കളരികൾ ഉണ്ടായിരുന്നു.തെയ്യവും തിറയും എഴുത്തുകളരിയും ക്ഷേത്ര വാസ്തു ശൈലീവിദ്യകളും ക്ഷേത്ര കലകളും അഭ്യസിച്ചിരുന്നു അതാത് വിഭാഗക്കാർ വിവിധ കളരികളിൽ.ആയോധന കല അതിലെ സമ്പുഷ്ടമായ ഒരു വിഭാഗവുമായിരുന്നു.മലബാറിൽ മൈസൂർ സുൽത്താൻമാരുടെ ആക്രമണത്തോടെ കളരികൾ ശിഥിലമായി തുടങ്ങി, ബ്രിട്ടിഷുകാരോടുള്ള യുദ്ധത്തിൽ പഴശിരാജയുടെ പതനത്തോടെ അത് പൂർത്തിയായി. അക്കാലത്ത് ആയോധന കളരികൾക്ക് ബ്രിട്ടീഷുകാർ ആയുധ നിയമമനുസരിച്ച് നിരോധനവും ഏർപ്പെടുത്തി. എന്നിരുന്നാലും കടത്തനാട്ടു രാജ്യക്കാരായ മൂന്നു പേർ കളരികളെ അങ്ങനെ വിട്ടു കളഞ്ഞില്ല. കോട്ടക്കൽ കണാരൻ ഗുരിക്കൾ, കോവിൽ കണ്ടി കേളു കുറുപ്പ് ,മാറോളി രാമുണ്ണിഗുരിക്കൾ ഇവർ രഹസ്യമായി കളരികൾ നടത്തി. ഒരു നിയോഗം പോലെ കോട്ടക്കൽ കണാരൻ ഗുരിക്കളുടെ ജീവിതം കളരി വിദ്യയ്ക്കായി ഉഴിഞ്ഞുവെച്ചു.
1850 ൽ വടകരയ്ക്കടുത്ത് മുക്കാളിയിലെ കോട്ടക്കൽ എന്ന തീയതറവാട്ടിലായിരുന്നു കണാരൻ ഗുരിക്കളുടെ ജനനം. ഏതാണ്ട് നാല്പത് വയസായതോടെ കളരികൾ പുന:സ്ഥാപിക്കണമെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. സ്വന്തമായുണ്ടായിരുന്ന ഏക്കറ് കണക്കിന് ഭൂമി വിറ്റ് ഒരു ഭാണ്ഡവും വടിയുമായി തുളുനാടൻ കളരികളിലും മറ്റും പോയി പയറ്റുകൾ പഠിച്ച് നാട്ടിലെ ഒറ്റിമുറ, അറപിള്ളക്കൈ ,വട്ടേൻ തിരിപ്പ്, പിള്ള താങ്ങി എന്നിങ്ങനെ പതിനെട്ടു മുറകളും സ്വായത്തമാക്കി കടത്തനാട്ടിൽ തിരിച്ചെത്തി അറുപത്തഞ്ചാമത്തെ വയസിൽ കളരി കെട്ടാൻ നോക്കി, പക്ഷേ കടത്തനാട്ടിലെ ജാതി കോമരങ്ങൾ കളരി കെട്ടാൻ വിട്ടില്ല. ഗുരിക്കളുടെ പോരാട്ട വീര്യം തോറ്റു കൊടുത്തതുമില്ല. അദ്ദേഹം തലശേരി തിരുവങ്ങാടെത്തി അവിടെ കളരിയിട്ടു. ചമ്പാടൻ വീട്ടിൽ നാരായണൻ നായരും ചിറക്കൽ ടി ശ്രീധരൻ നായരും കുഞ്ഞാലൻ ഗുരുക്കളും ഗോവിന്ദൻ കുട്ടി നമ്പ്യാരും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായി. അപ്പോഴേക്കും ബ്രിട്ടീഷ് പട്ടാളത്തിൽ തദ്ദേശിയരായ ആളുകൾ ചേർന്നു കഴിഞ്ഞിരുന്നു. കളരികൾ ബ്രിട്ടീഷ് പട്ടാളത്തിലെ മലയാളി പട്ടാളക്കാർക്ക് ഗുണം ചെയ്യുമെന്നോ നാട്ടിലെ സവിശേഷമായ കലാകായിക പാരമ്പര്യം നിലനിർത്തണമെന്നോ ബ്രിട്ടീഷുകാർക്കും തോന്നിയിരിക്കാം.
ചിന്നഭിന്നമായ കളരിസമ്പ്രദായത്തെ ഏകോപിപ്പിച്ചും അതിലെ ആയോധനാശംത്തിനേക്കാൾ വ്യക്തികൾക്കുള്ള കായമർമ്മ ചികിത്സ, ആയുർവേദ വിജ്ഞാനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടാണ് ഗുരിക്കൾ കളരികളെ വീണ്ടെടുത്തത്.അങ്ങനെ സംഘ കാലം മുതൽ നിലവിലുണ്ടായിരുന്ന കളരിയെ അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് ഉയർത്തെഴുന്നേൽപ്പിച്ചു.
ബ്രിട്ടീഷുകാരെ പേടിച്ച് കടത്തനാട്ടിലും മറ്റും ഏതാണ്ട് എല്ലാവരും കളരികളെ കൈയ്യൊഴിഞ്ഞപ്പോൾ ഗുരുക്കൾ സധൈര്യം കളരിക്കായി ജീവിച്ചു.സ്വാതന്ത്ര്യ സമര കാലത്ത് കെ കേളപ്പനും ഗുരുക്കളുമായി സംയോജിച്ച് ഹിന്ദുസ്ഥാനി എന്ന പേരിൽ ഒരു കളരി സ്ഥാപിച്ച് പഠനത്തെ വിപുലപ്പെടുത്തി.
ജാതിവാദികൾ കടത്തനാട്ടിൽ ഗുരുക്കളെ കളരി കെട്ടുന്നതിന് സ്ഥലം നൽകാതെ തടഞ്ഞെങ്കിലും തലശേരിയിൽ അദ്ദേഹം ജാതി നോക്കാതെ ശിഷ്യരെ സമ്പാദിച്ചു.
പിന്നിട് കീലേരി കുഞ്ഞിക്കണ്ണന് സർക്കസ് തുടങ്ങാൻ പ്രചോദനമായതും ഗുരുക്കൾ സ്ഥാപിച്ച തലശേരിയിലെ കളരിയാണ് എന്നു കാണുമ്പോഴാണ് അതിൻ്റെ മറ്റൊരു മഹത്വം തെളിയുന്നത്.സാംസ്ക്കാരിക പാരമ്പര്യത്തിന് വളക്കൂറുള്ള മണ്ണായി തലശേരി രൂപപ്പെട്ടതിൽ ഈ കളരികൾക്കും പങ്കുണ്ട്. 1941ലായിരുന്നു ഗുരിക്കളുടെ മരണം.
കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് .
നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു .