യു.എ.ഇയുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ഓർമയായിട്ട് ഇന്ന് 20 വർഷം. 1971 ൽ വിവിധ അറബ് നാട്ടുരാജ്യങ്ങളെ ഒന്നാക്കി യു.എ.ഇ എന്ന രാജ്യത്തിന് രൂപം നൽകിയ ശൈഖ് സായിദ് എക്കാലത്തും അറബ് ലോകത്തിന് വഴികാട്ടിയാണ്. യു.എ.ഇയിലെ സ്വദേശികളും പ്രവാസികളും ആ നേതാവിനെ ഒരു പോലെ ഓർത്തെടുക്കുകയാണ്. മൺമറഞ്ഞ് 20 വർഷം പിന്നിടുമ്പോഴും അറബ് ലോകത്ത് ഐക്യത്തിന്റെ പ്രതീകമായി നിൽക്കുന്ന നേതാവിനെ. കത്തിക്കാളുന്ന മരുഭൂമിയെ ഹരിതഭൂമിയാക്കാൻ കൊതിച്ച നേതാവിനെ. ഇന്ത്യയെയും ഇന്ത്യക്കാരെയും ചേർത്തുനിർത്തിയ നേതാവിനെ.
2004 നവംബർ രണ്ടിനാണ് തന്റെ 86ാം വയസ്സിൽ ശൈഖ് സായിദ് വിടപറയുന്നത്. അന്ന് കാമറക്ക് മുന്നിൽ കരച്ചിലടക്കാനാകാതെ ദുഃഖവാർത്ത ലോകത്തെ അറിയിച്ച വാർത്ത അവതാരകൻ മുതൽ ശൈഖ് സായിദിന്റെ അന്ത്യയാത്രതവരെ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ശൈഖ് സായിദിനെ കുറച്ച കവിത പങ്കുവെച്ചാണ് യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം രാഷ്ട്രപിതാവിനെ ഓർത്തത്.
ജീവിതത്തിൽ രണ്ടുതരം ആളുകളുണ്ടാകും. ഒരുകൂട്ടർ എണ്ണത്തിൽ ഉൾപ്പെട്ടവർ, മറ്റൊരു കൂട്ടർ മറ്റുള്ളവരെ ജീവിതത്തിലേക്ക് ചേർത്ത് പിടിച്ചവർ. ശൈഖ് സായിദ് രണ്ടാമത്തെ വിഭാഗത്തിൽപെട്ടയാണെന്ന് പറഞ്ഞുവെക്കുന്നതാണ് കവിത.ഇന്നും ആയിരങ്ങൾ സന്ദർശിക്കുന്ന അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദിലാണ് യു.എ.ഇയുടെ രാഷ്ട്രപിതാവ് അന്ത്യവിശ്രമം കൊള്ളുന്നത്.