India

ഷൊർണൂരിലെ ട്രെയിന്‍ അപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ – Shoranur train accident

കേരളത്തിലെ ഷൊർണൂരിന് സമീപം ട്രെയിൻ അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. സേലം ജില്ലയിലെ ശുചീകരണത്തൊഴിലാളികളുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം അറിയിക്കുകയും ദുരിതാശ്വാസ ഫണ്ട് നൽകാൻ ഉത്തരവിടുകയും ചെയ്തു.

നാല് പേര്‍ മരണപ്പെട്ട ഷൊർണൂർ ട്രെയിൻ അപകടത്തിൽ റെയിൽവെയുടെ ഭാഗത്ത് സുരക്ഷാ വീഴ്ചയില്ലെന്നാണ് പാലക്കാട് റെയിൽവെ ഡിവിഷൻ പ്രതികരിച്ചത്. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നീ നാല് പേരാണ് മരിച്ചത്.

കരാർ അടിസ്ഥാനത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു ഇവർ. എന്നാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ കരാറുകാരന് വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി ശുചീകരണ കരാർ തന്നെ റെയിൽവെ റദ്ദാക്കി. ഷൊർണൂരിൽ സ്റ്റോപ്പില്ലാതിരുന്ന ട്രെയിൻ വൺവേ ട്രാക്കിലൂടെ അതിവേ​ഗത്തിലായിരുന്നു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കേരള എക്സ്പ്രസ് തട്ടിയായിരുന്നു അപകടം.

STORY HIGHLIGHT: Shoranur train accident