എമിറേറ്റിൽ മഴവെള്ളം ഒഴുക്കി വിടാനുള്ള ഓവുചാലുകളുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടാനും പ്രളയ സാധ്യതകൾ കുറക്കാനും ലക്ഷ്യമിട്ടാണ് ഡ്രെയ്നേജുകളുടെ ശേഷി വർധിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലുണ്ടായ മഴയെ തുടർന്ന് നഗരത്തിൽ പ്രളയസമാന സാഹചര്യം ഉണ്ടാകുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തിരുന്നു.
തുടർന്ന് കഴിഞ്ഞ ജൂണിലാണ് ‘തസ്രീഫ്’ എന്ന പേരിൽ അതി ബൃഹത്തായ ഡ്രെയ്നേജ് പദ്ധതിക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകിയത്. നിലവിലെ ഡ്രെയ്നേജുകളുടെ ശേഷി 700 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് 3000 കോടി ദിർഹമാണ് നിർമാണ ചെലവ്. 2030ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.